തിരുവനന്തപുരം: മാർച്ച് 9 മുതൽ 29 വരെ എസ്.എസ്.എൽ.സി പരീക്ഷയും 10 മുതൽ 30 വരെ ഹയർ സെക്കൻഡറി പരീക്ഷകളും നടക്കുന്ന സാഹചര്യത്തിൽ മറ്റു ക്ളാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ്. അതിനു ശേഷം ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളിലെ പരീക്ഷ നടക്കാനാണ് സാദ്ധ്യത. എന്നാൽ, ഫെബ്രുവരി അവസാനത്തോടെ പരീക്ഷ നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനയുമുണ്ടെന്നറിയുന്നു. മാർച്ച് 31ന് സ്കൂൾ മദ്ധ്യവേനലവധിയ്ക്കായി അടയ്ക്കേണ്ടതിനാൽ അതിനു മുന്നോടിയായി തന്നെ പരീക്ഷകൾ പൂർത്തിയാക്കണം.
ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളിലെ പരീക്ഷാതീയതി നിശ്ചയിക്കുന്നതിനായി ഫെബ്രുവരി രണ്ടാം വാരത്തോടെ ക്യു.ഐ.പി യോഗം ചേർന്നേക്കും. പത്ത്, ഹയർസെക്കൻഡറി പരീക്ഷകളുടെ ഇടയിലുള്ള ദിവസങ്ങളിൽ മറ്റു ക്ളാസുകളുടെ പരീക്ഷ ക്രമീകരിക്കുന്നതാവും ഉചിതമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. പല സ്കൂളുകളിലെയും അദ്ധ്യാപകർ ഫെബ്രുവരിയിലാവും പരീക്ഷയെന്ന നിർദ്ദേശമാണ് വിദ്യാർത്ഥികളോട് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ ആരംഭിക്കാൻ വൈകിയതിനാൽ ഒന്നു മുതൽ ഒൻപതുവരെ ക്ളാസുകളിലെ പരീക്ഷ മാർച്ചിൽ തന്നെ പൂർത്തിയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |