വളർച്ചാനിരക്ക്
ലോകരാഷ്ട്രങ്ങൾ
3%
ഇന്ത്യ
7%
കൊച്ചി: അമേരിക്കയുൾപ്പെടെ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് ശരാശരി മൂന്നു ശതമാനത്തിലേക്ക് താഴ്ന്നു നിൽക്കെ, ഈ സാമ്പത്തികവർഷം ഇന്ത്യയുടെ ജി.ഡി.പി ഏഴു ശതമാനത്തിലെത്തും. അടുത്തവർഷം (2023-24) ഇത് 6- 6.8 ശതമാനത്തിലേക്ക് താഴ്ന്നാലും 24- 25ൽ വീണ്ടും ഏഴു ശതമാനം കടക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ പറയുന്നു. ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് സർവേ സഭയിൽവച്ചത്. ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും.
വളർച്ചാതോതിൽ ഇന്ത്യയായിരിക്കും ഏറ്റവും മുന്നിലെന്ന് ഐ.എം.എഫും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം 8.7 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ചാനിരക്ക്. റഷ്യ-യുക്രെയിൻ യുദ്ധവും ഉത്പാദന-വിതരണശൃംഖലകളിലെ തടസവും നാണയപ്പെരുപ്പവും പലിശനിരക്ക് വർദ്ധനയുമാണ് വളർച്ചായിടിവിന് കളമൊരുക്കിയത്.
കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ നേതൃത്വത്തിൽ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പാണ് സർവേ തയ്യാറാക്കിയത്.
ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ റുപ്പിയുടെ മൂല്യം അടുത്തവർഷവും കുറഞ്ഞേക്കും. കറന്റ് അക്കൗണ്ട് കമ്മി വർദ്ധനയും രൂപയ്ക്ക് സമ്മർദ്ദമാകും. നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണവിധേയമാകുംവരെ പലിശനിരക്ക് ഉയർന്നതലത്തിൽ തുടരും.
അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ധനകാര്യ മന്ത്രി നിർമ്മലാസീതാരാമൻ ഇന്നു രാവിലെ 11ന് അവതരിപ്പിക്കും.
വളർച്ചയ്ക്ക് വേഗം കൂട്ടിയത്
1. പണം ചെലവഴിക്കലിന് വഴിതുറന്നുകൊണ്ട് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ ജനത്തിരക്കേറി
2.തൊഴിലാളികൾ (മൈഗ്രന്റ്സ്) സജീവമായി തിരിച്ചെത്തി. 200 കോടിയിലേറെ കൊവിഡ് വാക്സിൻ വിതരണം ചെയ്തത് അതിവേഗ തിരിച്ചുവരവിന് സഹായിച്ചു
3. വായ്പാ വിതരണം കൂടിയതും വ്യവസായ, കയറ്റുമതി, സേവനമേഖലകളുടെ വളർച്ചയും കേന്ദ്ര-സംസ്ഥാന സർക്കാരുടെ മൂലധനച്ചെലവിലെ വർദ്ധനയും കരുത്തായി
4. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. 2018-19ലെ 5.8 ശതമാനത്തിൽ നിന്ന് 2020-21ൽ 4.2 ശതമാനമായി താഴ്ന്നു
5-ാമത്തെ സമ്പദ്ശക്തി
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം (75-ാം വാർഷികം) ആഘോഷിച്ച ഇന്ത്യ നടപ്പുവർഷം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയെന്ന പട്ടം ചൂടി. 3.5 ലക്ഷം കോടി ഡോളറായിരിക്കും നടപ്പുവർഷം ജി.ഡി.പി മൂല്യം.
ഇന്ത്യ മുന്നോട്ട്: ഐ.എം.എഫ്
അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ.എം.എഫ്. നടപ്പുവർഷം 6.8 ശതമാനവും 2023-24ൽ 6.1 ശതമാനവും വളരും. 2024-25ൽ വളർച്ചാനിരക്ക് 7 ശതമാനമായി തിരിച്ചുപിടിക്കും. അതേസമയം, ആഗോള സമ്പദ്വളർച്ച 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനമായി താഴും. 3.1 ശതമാനമായിരിക്കും 2024ൽ വളർച്ച.
ജി.ഡി.പി
2014-15 : 7.4%
2015-16 : 8.0%
2016-17 : 8.2%
2017-18 : 7.04%
2018-19 : 6.1%
2019-20 : 3.7%
2020-21 : -6.6%
2021-22 : 8.7%
2022-23 : 7.0%
2023-24 : 6-6.8%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |