കണ്ണൂർ : സംസ്ഥാനത്ത് 2016 മുതൽ 2022 വരെ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം 476. ഈ കാലയളവിൽ പാമ്പ്,കാട്ടാന,കാട്ടുപന്നി,കാട്ടുപോത്ത്, കടുവ, എന്നി വന്യജീവികളുടെ ആക്രമത്തിൽ 637 ജനങ്ങൾ കൊല്ലപ്പെട്ടു. 2018-19 കാലയളവിലാണ് ഏറ്റവും കൂടുതൽ വന്യ ജീവി അക്രമവും മരണങ്ങളും സംഭവിച്ചത്. അന്ന് 146 പേർ മരണപ്പെട്ടു. വനം വകുപ്പിൽ നിന്നുള്ള രേഖകളാണ് വന്യജീവി ആക്രമത്തിൽ മരിച്ചവരുടെ പേടിപ്പിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
പാമ്പ് കഴിഞ്ഞാൽ മനുഷ്യ ജീവന് കൂടുതൽ അപകടം സൃഷ്ടിച്ച വന്യജീവി ആനയാണെന്ന് രേഖകൾ പറയുന്നു. കാട്ടാനകളുടെ അക്രമത്തിൽ 115 പേരുടെ ജീവനാണ് 2016-2022 കാലയളവിൽ നഷ്ടമായത്. കാട്ടുപന്നിയുടെ അക്രമത്തിൽ 30 പേർ കൊല്ലപ്പെട്ടപ്പോൾ കാട്ടുപോത്ത് 6 പേരെ വകവരുത്തി. കടുവ കവർന്നത് 5 പേരെ. മറ്റ് ജീവികളുടെ അക്രമത്തിൽ 5 ആളുകൾക്കും ജീവൻ നഷ്ടമായി. സംസ്ഥാനത്ത് 30 ലക്ഷത്തോളം പേർ വന്യ ജീവി അക്രമഭീഷണിയിലാണ്. ഒരോ വനമേഖലയിലും വസിക്കുന്ന അപകടകാരികളായ ജീവികളുടെ എണ്ണം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് പലപ്പോഴും അപകടം വരുത്തി വെക്കുന്നത്. 2017 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വനമേഖലയിൽ 5706 ആനകളാണുള്ളത്. 2018ൽ എടുത്ത സെൻസസിൽ 166 മുതൽ 190 വരെ കടുവകൾ കേരളത്തിൽ ഉണ്ടെന്ന് പറയുന്നുണ്ട്. 2014ൽ ഇത് 119മുതൽ 150വരെ ആയിരുന്നു.
ജനങ്ങൾ തെരുവിൽ
75 ദിവസത്തിലേറെയായി തുടരുന്ന വന്യജീവി ആക്രമത്തിൽ വനംവകുപ്പ് പരിഹാരം കാണുന്നില്ലെന്ന പരാതിയുമായി വയനാട് അമ്പലവയൽ സ്വദേശികൾ റോഡ് ഉപരോധിച്ചു. പൊന്മുടിക്കോട്ടയിലും പരിസര പ്രദേശങ്ങളിലുമായി കടുവയും, പുലിയും നാളുകളായി ഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം കടുവയുടെ അക്രമത്തിൽ പുതുശേരിയിൽ ഒരു കർഷകൻ കൊല്ലപ്പെട്ടിരുന്നു.
പാമ്പ് കടിയേറ്റുള്ള മരണം
2016-17 - 88
2017-18 - 92
2018-19 -123
2019-20 - 71
2020-21 - 52
2021-22 - 50
ആകെ - 476
''വന്യജീവി ആക്രമണങ്ങള്‍ എങ്ങിനെ തടയാമെന്നതില്‍ ശാസ്ത്രീയപഠനം നടത്തും.വയനാട്ടിൽ നിന്ന് കടുവകളെ പറമ്പികുളത്തേക്ക് മാറ്റും.കടുവ-ആന സെൻസസ് ഉടൻ ആരംഭിക്കും''
എ.കെ.ശശീന്ദ്രൻ (വനം മന്ത്രി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |