കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിലെ ക്ഷേമപദ്ധതികളും നിർദ്ദേശങ്ങളും പൊതുവായി ഗുണം ചെയ്യുമെങ്കിലും കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിക്ക് പ്രതീക്ഷിച്ചതും അർഹമായതും കിട്ടിയില്ല. കൊച്ചി മെട്രോ, ശബരി റെയിൽവെ, അടിസ്ഥാന സൗകര്യവികസനം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ കാര്യമായ നിർദ്ദേശം ബഡ്‌ജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചനകൾ.
തുറമുഖത്തിന് കരുത്താകും
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 100 ഗതാഗത അടിസ്ഥാന പദ്ധതിയുടെ പ്രയോജനം കൊച്ചിക്കും ലഭിക്കും. റോഡ്, റെയിൽവെ, ഉൾനാടൻ ജലപാത തുടങ്ങിയവ വികസിപ്പിക്കുന്നതാണ് പദ്ധതി. ദേശീയ ചരക്കുനീക്ക നയത്തിന്റെ ഭാഗമായ പദ്ധതിയിൽ കൊച്ചി തുറമുഖവും ഉൾപ്പെടും. മേജർ തുറമുഖമായ കൊച്ചിയെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി പൊതുവായി നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഗുണകരമാകുമെന്നാണ് ഷിപ്പിംഗ് മേഖലയുടെ വിലയിരുത്തൽ.
സംരംഭകർക്ക് പ്രതീക്ഷ
ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങൾക്ക് പ്രഖ്യാപിച്ച പിന്തുണയും ഇളവുകളും സഹായകമാകും. ചെറുകിട സംരംഭങ്ങൾ ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയ്ക്ക് ഇതുവഴി നേട്ടവും സംരംഭകർക്ക് ആശ്വാസവുമാകും. സൂക്ഷ്‌മ, ചെറുകിട സംരംഭകർക്ക് നിശ്ചിത സമയപരിധിക്കകം തുക ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഈ മേഖലയിലേയ്ക്ക് പണമൊഴുക്കിന് വഴിയൊരുക്കും.
പ്രതീക്ഷയിൽ ടൂറിസം
ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ് ബഡ്‌ജറ്റിലെ നിർദ്ദേശങ്ങൾ. മുൻ ബഡ്‌ജറ്റുകളിൽ ടൂറിസം മേഖലയെക്കുറിച്ച് പരാമർശം പോലുമുണ്ടായിരുന്നില്ല. ടൂറിസം മേഖലയുടെ പ്രാധാന്യം ബഡ്‌ജറ്റിൽ ഇക്കുറി പരാമർശിച്ചിട്ടുണ്ട്. പൊതു സ്വകാര്യ മേഖലകളുടെ സംയുക്തമായ പ്രവർത്തനം ടൂറിസത്തിന്റെ നേട്ടമാണെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. അടിസ്ഥാസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത് കേരളം ഉൾപ്പെടെ ആഭ്യന്തര ടൂറിസം വളരാൻ സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ടൂറിസം ചെയർമാൻ യു.സി. റിയാസ് പറഞ്ഞു.
മത്സ്യമേഖലയ്ക്ക് നേട്ടം
മത്സ്യമേഖലയ്ക്ക് 6000 കോടി രൂപ മാറ്റിവച്ചത് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ജില്ലയുടെ പടിഞ്ഞാറൽ തീരപ്രദേശങ്ങളിൽ മത്സ്യമേഖലയിൽ ഉപജീവനം തേടുന്നവർക്ക് ഇതിന്റെ ഗുണം ലഭിക്കും. ബ്ളൂ ഇക്കോണമിയെന്ന സമുദ്ര സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. മത്സ്യബന്ധനം, സംസ്കരണം, കയറ്റുമതി എന്നിവയുടെ പ്രധാന കേന്ദ്രമായ കൊച്ചിക്കും ആനുപാതികവിഹിതം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പൊതുമേഖലയ്ക്ക് ആശങ്ക കുറവ്
കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിഹിതം വ്യക്തമായിട്ടില്ല. സ്വകാര്യവത്കരണം സംബന്ധിച്ച പ്രഖ്യാപനങ്ങളില്ലാത്തത് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആശ്വസിക്കാൻ വക നൽകുന്നു. വളം നിർമ്മാണ ശാലയായ ഫാക്ട്, കൊച്ചി റിഫൈനറിയുടെ ഉടമസ്ഥരായ ബി.പി.സി.എൽ എന്നിവയുടെ സ്വകാര്യവത്കരണം ഉടനില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
കൊച്ചി തുറമുഖം, കൊച്ചി കപ്പൽശാല, സ്പൈസസ് ബോർഡ്, കയർ ബോർഡ്, നാളികേര വികസന ബോർഡ് തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങൾക്ക് അനുവദിച്ച വിഹിതം വ്യക്തമായിട്ടില്ല. കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവ.
ശബരി റെയിൽവെ വ്യക്തതയില്ല
ശബരി റെയിൽവെക്ക് ജീവൻ വയ്ക്കാൻ കഴിയുന്ന പ്രഖ്യാപനവും തുകയും ബഡ്‌ജറ്റിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നിർമ്മാണച്ചെലവിൽ വിഹിതം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായതിനാൽ കൂടുതൽ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനുവദിച്ച വിഹിതം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അങ്കമാലിയിൽ ആരംഭിച്ച് കാലടിക്ക് സമീപം മറ്റൂർ വരെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പാളമിട്ടത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥലമെടുപ്പ് ഉൾപ്പെടെ അനിശ്ചിതത്വത്തിലാണ്.
മെട്രോയിൽ നിരാശ
മെട്രോയുടെ രണ്ടാം ഘട്ടമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് കേന്ദ്ര വിഹിതം ബഡ്‌ജറ്റിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എത്ര തുക മാറ്റിവച്ചുവെന്ന് വ്യക്തമല്ല.
മാസങ്ങൾക്ക് മുമ്പ് കേന്ദ്രം അനുമതി നൽകുകയും നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുകയും ചെയ്തതിനാൽ അനുകൂല പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു.
പ്രഖ്യാപനങ്ങളുടെ വേദി: മർച്ചന്റ്സ് ചേംബർ
പ്രഖ്യാപനങ്ങളുടെ വേദിയായേ ബഡ്‌ജറ്റിനെ കാണാൻ കഴിയൂവെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും പറഞ്ഞു.
ശമ്പള വരുമാനക്കാർക്ക് ആദായനികുതി പരിധിയിൽ ഇളവും നിരക്കുകളിൽ പുതിയ സ്ലാബുകളും ഏർപ്പെടുത്തിയത് മദ്ധ്യവർഗത്തിന് ഗുണകരമാകും. കാർഷിക, ഗതാഗത, ആരോഗ്യ മേഖലകൾക്ക് ന്യായമായ പരിഗണന ലഭിച്ചു. രാജ്യരക്ഷയ്ക്കായി 5.93 ലക്ഷം കോടിയും നഗരവികസനത്തിന് 10,000 കോടിയും നീക്കിവച്ചതും സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പ പദ്ധതി ഒരു വർഷം കൂടി നീട്ടിയതും നല്ല വശങ്ങളാണ്.
വാണിജ്യ വ്യവസായ മേഖലകളെപ്പറ്റി കാര്യമായ പരാമർശങ്ങളില്ല. റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചത് സ്വകാര്യവത്കരണത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കാജനകമാണെന്ന് അവർ പറഞ്ഞു.
കൊച്ചിയെ അവഗണിച്ചു: എ.ഐ.ടി.യു.സി
കേന്ദ്ര ബജറ്റ് കൊച്ചിയെ അവഗണിച്ചതായി എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി പറഞ്ഞു. മെട്രോ റെയിൽ ജില്ലാ ആസ്ഥാനമായ കാക്കനാട്ടേയ്ക്ക് നീട്ടുന്നതിന് തുക വകയിരുത്തിയില്ല. നിർദിഷ്ട കൊച്ചി അരൂർ ആകാശപാത പരിഗണിച്ചില്ല. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിന് പദ്ധതി പ്രതീക്ഷിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തതയില്ല: യൂത്ത് ഫ്രണ്ട്
യുവാക്കളെ അവഗണിക്കുന്നതും വ്യക്തതയില്ലാത്തതുമാണ് ബഡ്‌ജറ്റെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോബിൻ പി. മാത്യു പറഞ്ഞു.
മാനദണ്ഡങ്ങൾ നിശ്ചയിക്കാതെ 47 ലക്ഷം യുവാക്കൾക്ക് സ്റ്റൈപ്പെൻഡ് നൽകുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണ്. തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയിട്ടില്ല. തൊഴിൽ നൽകുമെന്നല്ലാതെ കൃത്യമായ പ്രഖ്യാപനമില്ല. കോടിക്കണക്കിന് തൊഴിൽ അവസരം സ്രഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചവർ ഭരിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വളർച്ച നൽകും: ഫിക്കി
രാജ്യത്തെ വളർച്ചാപാതയിൽ നിലനിറുത്തുന്നതിന് പ്രതിരോധശേഷി, ഉൾക്കൊള്ളൽ, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതാണ് ബഡ്‌ജറ്റെന്ന് ഫിക്കി കേരള ഘടകം അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന, വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന സന്തുലിതവും പുരോഗമനപരവുമാണ് ബഡ്‌ജറ്റെന്ന് ഫിക്കി സംസ്ഥാന ചെയർമാൻ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |