നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ വിലാസങ്ങളിലാണ് ഗിരീഷ് കുൽകർണിയുടെ തിളക്കം. പഠിച്ചത് മെക്കാനിക്കൽ എൻജിനിയറിംഗ്. കുറച്ചുകാലം ജോലി. ഡ്യൂൾ എന്ന മറാത്തി ചിത്രത്തിലൂടെ രണ്ട് അംഗീകാരങ്ങൾ. മികച്ച നടനുള്ള ദേശീയ പുരസ്കാരം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അംഗീകാരം. പിന്നീട് ബോളിവുഡിൽ ആമിർ ഖാന്റെ ദംഗൽ ഉൾപ്പെടെ ചില ചിത്രങ്ങൾ. ഹിന്ദി വെബ് സീരിസുകളിലൂടെ മുഖം കൂടുതൽ പരിചിതമായി.ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തങ്കത്തിലൂടെ മലയാളത്തിലുമെത്തി. ഗിരീഷ് കുൽകർണി മനസ് തുറന്നു.
മലയാളത്തിലേക്ക് എങ്ങനെ എത്തി ചേർന്നു ?
ഒരു ദിവസം സുഹൃത്തും സംവിധായികയുമായ ഗീതു മോഹൻദാസ് വിളിച്ചു. കുറച്ച് ചെറുപ്പക്കാർ സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്നും ചോദിച്ചു. ശ്യാം പുഷ്കരന്റെയും ദിലീഷ് പോത്തന്റെയും പേരുകൾ ഗീതു പറഞ്ഞപ്പോൾ എന്തായാലും മലയാളത്തിലേക്ക് വരണമെന്ന് തീരുമാനിച്ചു. ഇവരെല്ലാം മികച്ച സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
ഭാഷ ബുദ്ധിമുട്ടിച്ചോ ?
വിജയ് സകൽഖർ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിച്ചത്. മലയാളം എന്നെ മാത്രമല്ല, വിജയ് യെയും വലപ്പിച്ചു. ഭാഷ അറിഞ്ഞുകൂടാത്ത മറ്റൊരിടത്തുനിന്ന് വരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കാൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും. എന്നാൽ കേസ് തെളിയിക്കുകയും വേണം.ഏറെ ആസ്വദിച്ച് അഭിനയിക്കാൻ സാധിച്ചു. എനിക്ക് മലയാളം അറിയില്ല. സംവിധായകൻ സഹീദ് അറാഫത്തിന് ഹിന്ദിയും നന്നായി അറിയില്ല.അതിനാൽ ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം തമാശ നിറഞ്ഞതായിരുന്നു.എൺപതു ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. മലയാളം ഇപ്പോഴും അറിയില്ല. ചില വാക്കുകളുടെ അർത്ഥം പഠിച്ചു വരുന്നു. മലയാളം സിനിമകൾ കാണാറുണ്ട്. സബ് ടൈറ്റിൽ ഉണ്ടല്ലോ.ആസ്വാദന നിലവാരത്തിൽ മുന്നിലാണ് മലയാള സിനിമ.
ദേശീയ പുരസ്കാര ജേതാക്കളുടെ ഒത്തുച്ചേരൽ ?
തീർച്ചയായും.അത് മറ്റൊരു സന്തോഷവും അത്ഭുതവും തന്നു.ബിജു മേനോൻ, അപർണ ബാലമുരളി, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ തുടങ്ങിയ പ്രതിഭാധനർക്കൊപ്പം ആദ്യ മലയാള സിനിമയിൽ തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഫഹദ് ഫാസിൽ ദേശീയ അംഗീകാര ജേതാവു കൂടിയാണല്ലോ.ബിജു മേനോന്റെ പ്രകടനം മികച്ചതാണ്.നല്ല മനുഷ്യൻ. വളരെ വേഗം ഞങ്ങൾ സുഹൃത്തുക്കളായി മാറി. ബിജു മേനോൻ അഭിനയിച്ച നാലാംമുറ കണ്ടു.അപർണയുടെ സിനിമകൾ കണ്ടിട്ടുണ്ട്. വിനീത് ശ്രീനിവാസൻ വിനീതൻ ആണ്. നന്നായി അഭിനയിക്കും. മനോഹരമായി പാടും.വിനീത് തട്ടിലിന്റെ അഭിനയവും മികച്ചത്.ഇവരോടൊക്കെ ഒപ്പം അഭിനയിക്കുന്നത് വളരെ എളുപ്പമാണ്. സ് നേഹവും ലാളിത്യവും കാത്തുസൂക്ഷിക്കുന്നവർ. ശ്യാംപുഷ്കരൻ കഥ പറഞ്ഞു കൊടുക്കുന്ന രീതിയാണ് മനോഹരം.
ഡ്യൂളിനു മുൻപും ശേഷവും ?
അവാർഡ് മനസിൽ കണ്ട് സിനിമ ചെയ്യാറില്ല. നല്ല സിനിമകൾ ഉണ്ടാക്കാൻ പരിശ്രമിക്കും.പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.ഏതെങ്കിലും തരത്തിൽ അംഗീകാരം ലഭിക്കും.അത്രേയുള്ളൂ.ദേശീയ അവാർഡ് ലഭിക്കുന്നതിന് മുൻപും ശേഷവും മാറ്റങ്ങൾ ഒന്നും ഇല്ല.അംഗീകാരങ്ങൾ പ്രചോദനവും ആത്മവിശ്വാസവും നൽകും.പുരസ്കാര ചടങ്ങ് കഴിഞ്ഞാൽ നമ്മൾ പഴയ പോലെ ഓരോന്നും തെളിയിച്ചു കൊണ്ടിരിക്കണം.വീണ്ടും കാമറക്ക് മുന്നിൽ നിൽക്കുമ്പോൾ പ്രേക്ഷകരെ തൃപ്തി പെടുത്തുന്നത് ചെയ്യണം. അതാണ് വെല്ലുവിളി. ഇക്കാര്യത്തിൽ അവാർഡ് സഹായിക്കില്ല. ആളുകൾ തിരിച്ചറിയും പുതിയ വഴികൾ തുറക്കും എന്നതൊക്കെയാണ് അവാർഡിലൂടെ ലഭിക്കുന്നത്. ജോലി പഴയത് പോലെ തന്നെ ആയിരിക്കും.നാനാ പടേക്കർ, നസറുദ്ദീൻ ഷാ തുടങ്ങിയ അതുല്യ നടൻമാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മറ്റൊരു അംഗീകാരം .
സിനിമയിൽ പല മേഖലകൾ.ആരാണ് അടുത്ത കൂട്ടുകാരൻ?
അഭിനയവും എഴുത്തും എളുപ്പമാണ്. എന്നാൽ സംവിധാനം അങ്ങനെയല്ല. ഇനിയും പഠിക്കാനുണ്ട്. കുറെ വർഷം കഴിയുമ്പോൾ അതിനുവേണ്ടി ശ്രമം നടത്തണമെന്നാണ് ആഗ്രഹം. നിർമ്മാണം ഇഷ്ടമാണ്.ഇതെല്ലാം ഏറെ സന്തോഷം തരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |