
തിരുവനന്തപുരം: ഉഴമലയ്ക്കൽ യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പുളിമൂട് വിപിന്റെ (32) അപകട മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും കോൺഗ്രസ് നേതൃത്വവും രംഗത്ത്. പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച്‌ച ഉണ്ടായതായും കുടുംബാംഗങ്ങൾ ആരോപിച്ചു. മരണത്തിന് രണ്ടാഴ്ച് മുമ്പ് ഒരാൾ വിപിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ഭാര്യ സജിനി വെളിപ്പെടുത്തി. ഭർത്താവിന് ഉണ്ടായ ഭീഷണിക്ക് പിന്നിൽ വ്യക്‌തി വൈരാഗ്യങ്ങളുണ്ടെന്നും ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും ആ വഴിക്ക് അന്വേഷണം ഉണ്ടായില്ലെന്നും സജിനി ആരോപിച്ചു. ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാൽ ഉണ്ടാകേണ്ട സ്വാഭാവിക പരിക്കുകൾ ശരീരത്തിലില്ലെന്ന് സഹോദരൻ വിനീത് പറഞ്ഞു. വിപിന്റെ ശരീരത്തിൽ തലയ്‌ക്കേറ്റ ക്ഷതമല്ലാതെ മറ്റ് പരിക്കുകൾ ഇല്ലാത്തത് സംശയം വർദ്ധിപ്പിക്കുന്നു.
പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫിറോസ് ആരോപിച്ചു. ക്യാമറകൾ പരിശോധിക്കാതെ കെട്ടുകഥ പറഞ്ഞ് കുടുംബത്തെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നും ഫിറോസ് അറിയിച്ചു. പത്രസമ്മേളനത്തിൽ കുളപ്പ ഫിറോസ്,മണ്ഡലം പ്രസിഡന്റ് രാജീവ് സത്യൻ, യു.ഡി.എഫ് ചെയർമാൻ സക്കീർ ഹുസൈൻ,ഷൈജു പരുത്തിക്കുഴി,ബ്ലോക്ക് പഞ്ചായത്തംഗം ബബിത,അമ്മ സുമതി,ഭാര്യ സജിനി, സഹോദരൻ വിനീത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |