SignIn
Kerala Kaumudi Online
Wednesday, 20 May 2026 2.59 AM IST

ദുബായ് സെക്‌സ് റാക്കറ്റ്: ഫാഷൻ ഷോയുടെ മറവിൽ പീഡനം,​ ഇരയായത് 8 മലയാളി യുവതികൾ

sindhu

കൊച്ചി: ഫാഷൻ വർക്ക്ഷോപ്പിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്ന മോഡലിംഗ് രംഗത്തെ യുവതി ഉൾപ്പെടുന്ന സംഘം കെണിയിലാക്കിയത് എട്ട് മലയാളി യുവതികളെ. ഇവരെ ഭീഷണിപ്പെടുത്തി പലർക്കായി കാഴ്ചവച്ചു. ഇതിലൂടെ സംഘം സമ്പാദിച്ചത് ലക്ഷങ്ങൾ. കൂടുതൽപേർ ഇരകളായോ എന്ന് മരട് പൊലീസ് അന്വേഷിക്കുകയാണ്. മോഡ‌ൽ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

മുഖ്യപ്രതി ആലുവ തൈനോത്തിൽ കടവിൽ റോഡ് 56 /26 വീട്ടിൽതാമസിക്കുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി സ്റ്റോയിസി ടി. മുട്ടത്ത് (സിന്ധു, 56) രണ്ടാംപ്രതിയും മോ‌ഡലുമായ തിരുവനന്തപുരം കുന്നത്തുകൽ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടിൽ അലീന എബ്രഹാം (23) എന്നിവരെ തിങ്കളാഴ്ച പിടികൂടിയിരുന്നു. മലപ്പുറം പൊന്നാനി ബീയം പുക്കയിൽ വീട്ടിൽ മഞ്ജിമയെ (25) ഇന്നലെ അറസ്റ്റുചെയ്തു.

ബർ ദുബായിലെ അൽ റഫയിൽ മലയാളികളുൾപ്പെടെ തിങ്ങിപ്പാർക്കുന്ന റസിഡൻഷ്യൽ മേഖലയായ റോള സ്ട്രീറ്റിലെ ഫ്ലാറ്റിലെത്തിച്ചാണ് യുവതികളെ പലർക്കായി കാഴ്ചവച്ചിരുന്നത്. മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതരാക്കിയ ശേഷമാണിത്. വിസമ്മതിച്ചവരെ നിർബന്ധപൂർവം കുടിപ്പിച്ചു. ചിലരുടെ പാസ്പോർട്ടും ഫോണും വാങ്ങിവച്ചു.

പീഡന ദൃശ്യം പകർത്തി​ ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കും. എതിർക്കുന്നവരെ ഉപദ്രവിക്കും. ലൈംഗി​കദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കും. ഇവരി​ൽ നി​ന്ന് രക്ഷപ്പെട്ട ഫോർട്ടുകൊച്ചി സ്വദേശിനി​യായ മോ‌‌ഡൽ മരട് പൊലീസിന് നൽകിയ പരാതിയാണ് പ്രതികളെ കുടുക്കിയത്. ബ്യൂട്ടിഷ്യനായ യുവതിയുൾപ്പെടെ രണ്ടുപേർ കൂടി പരാതി നൽകിയിട്ടുണ്ട്.

മുംബയ് വിമാനത്താവളത്തിൽ അറസ്റ്റിലായ സിന്ധുവുമായി മരട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. സംഘത്തിൽപ്പെട്ട ദുബായിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ വഞ്ചന, അന്യായമായി തടഞ്ഞുവയ്ക്കൽ, പരിക്കേൽപ്പിക്കൽ, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 'അടിപൊളി മോഡലുകളെ വേണം'

ദുബായിൽ ജനുവരി 25ന് നടക്കുന്ന ഫാഷൻ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ‘അടിപൊളി’ മോഡലുകളെ വേണമെന്ന് സമൂഹമാദ്ധ്യമത്തിൽ വീഡിയോ ഇട്ടത് അലീനയാണ്. സിന്ധുവിന്റെ ദുബായിലുള്ള മകനും മകളും നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പേരി​ലാണ് യുവതികളെ ക്ഷണിച്ചത്. വിസിറ്റിംഗ് വിസ തരപ്പെടുത്തുന്നത് സിന്ധുവാണ്. വർക്ക്ഷോപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഫാഷൻ ഷോയിൽ പങ്കെടുക്കാൻ അവസരം കിട്ടുമെന്നും വാഗ്ദാനം നൽകിയിരുന്നു. പ്രതികളായ സിന്ധുവും അലീനയും രാജ്യാന്തര സെക്സ് റാക്കറ്റി​ലെ കണ്ണി​കളാണെന്ന് കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA