SignIn
Kerala Kaumudi Online
Thursday, 21 May 2026 1.47 PM IST

റോഡ് നിര്‍മാണം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് തീരുമാനിച്ചതാരെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്കും വിമര്‍ശനം

pinarayi-vijayan

മലപ്പുറം: നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി നിര്‍മാണോത്ഘാടനം നടത്താനിരുന്ന റോഡുകളുടെ ഉദ്ഘാടനം പി.വി അന്‍വര്‍ നിർവഹിച്ചതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് തീരുമാനിച്ചത് ആരാണെന്നും ഇത്തരമൊരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഏതൊരു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴും അത് സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.എസ്.വൈ റോഡുകളുടെ നിര്‍മാണോത്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് അന്‍വറിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ബില്ലുകള്‍ ഒപ്പിട്ട് തീര്‍പ്പാക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ ഗൗരവത്തോടെയാണോ കാണുന്നതെന്ന് സംശയമുണ്ടെന്നും എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ അബിഗേല്‍ സാറയെ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനേയും നാട്ടുകാരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സമീപകാലം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇത്തരം സാഹചര്യങ്ങളില്‍ മാദ്ധ്യമങ്ങള്‍ ഔചിത്യത്തോടെ മാത്രം ചോദ്യം ചോദിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകാതിരിക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കണം, കുട്ടിയെ കണ്ടെത്തുന്നതില്‍ മാദ്ധ്യമങ്ങളും നല്ല പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA