SignIn
Kerala Kaumudi Online
Friday, 22 May 2026 3.34 PM IST

യു.ഡി.എഫ് വിചാരണ സദസ് നാളെ മുതൽ സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് എം.എം. ഹസ്സൻ

k

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നതിനാൽ കേരളത്തിൽ ഭരണം പൂർണമായി സ്തംഭിച്ചെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകര ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ്.

ഇതിനെതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യു.ഡി.എഫിന്റെ വിചാരണ സദസുകൾ നാളെ ആരംഭിക്കും. ഡിസംബർ 31വരെ 140 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

നാളെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും സ്‌പോർട്സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നു മുതൽ 6വരെയാണ് വിചാരണ സദസ്.

ഏറ്റുമാനൂരിൽ പി.ജെ.ജോസഫ്, തൃത്താലയിൽ രമേശ് ചെന്നിത്തല, ചേർത്തലയിൽ എം.എം. ഹസ്സൻ, കാസർകോട്ട് ഇ.ടി. മുഹമ്മദ് ബഷീർ, കളമശ്ശേരിയിൽ കെ.മുരളീധരൻ, ആറന്മുളയിൽ ഷിബു ബേബിജോൺ, ഇടുക്കിയിൽ അനൂപ്‌ ജേക്കബ്, ഇരിഞ്ഞാലക്കുടയിൽ സി.പി.ജോൺ, കൊട്ടാരക്കരയിൽ ജി.ദേവരാജൻ എന്നിവരാണ് ഉദ്ഘാടകർ. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസുകൾ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും മറ്റു നേതാക്കളും ഉദ്ഘാടനം ചെയ്യും.

എരഞ്ഞിപ്പാലത്ത് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെയും മറ്റ് പ്രവർത്തകരെയും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡി.സി.പി ഇ.കെ. ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA