SignIn
Kerala Kaumudi Online
Thursday, 21 May 2026 1.20 AM IST

കിഴക്കമ്പലത്ത് കോളനി ഒഴിപ്പിക്കലിൽ സംഘർഷം

1

കിഴക്കമ്പലം: എറണാകുളം ജില്ലയിലെ കിഴക്കമ്പലം മലയിടംതുരുത്തിൽ പര്യത്തുകാവ് കോളനി നിവാസികളെ കുടിയൊഴിപ്പിക്കാൻ വീണ്ടും ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ബലപ്രയോഗത്തെ കോളനി നിവാസികളും നാട്ടുകാരും എതിർത്തതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് ഒഴിപ്പിക്കൽ നിറുത്തി വയ്പ്പിച്ചു.

കോളനി ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാനാണ് അഭിഭാഷക കമ്മിഷൻ പൊലീസ് സന്നാഹത്തോടെ എത്തിയത്. പതിനഞ്ചാം തവണയാണ് ഒഴിപ്പിക്കലിന് കമ്മിഷൻ എത്തുന്നത്. 14 തവണയും പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് നടപ്പാക്കാതെ പിൻവാങ്ങിയിരുന്നു.

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന ഘട്ടത്തിലാണ് കർശന നടപടികൾക്ക് അഭിഭാഷക കമ്മിഷനും പൊലീസും ശ്രമിച്ചത്. രാവിലെ 11 നാണ് കമ്മിഷൻ മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹവുമായി സ്ഥലത്തെത്തിയത്. കോളനി നിവാസികൾ നാട്ടുകാരുടെ പിന്തുണയോടെ പ്രതിരോധം തീർത്തു. സമരക്കാർ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതോടെ പൊലീസ് നടപടികൾ മെല്ലെപ്പോക്കിലായി. ഉച്ചയോടെ പൊലീസ് പിൻവാങ്ങുന്ന പ്രതീതി ജനിപ്പിച്ചശേഷം 2.30 ഓടെ പൊലീസ് കോളനിയിലേയ്‌ക്ക് ബലപ്രയോഗത്തിലൂടെ കടന്നു. എതിർത്തവർക്കു നേരെ ജലപീരങ്കിയുൾപ്പെടെ പ്രയോഗിച്ചു. വീടുകൾ ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രതിരോധം തീർത്തു. ഇതിനിടെ നിരവധി പേർക്ക് പരിക്കേറ്റു. താമസക്കാരിയായ വീട്ടമ്മ കുഴഞ്ഞുവീണതോടെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലാക്കി. നിയുക്ത എം.എൽ.എ വി.പി. സജീന്ദ്രൻ ആഭ്യന്തരമന്ത്രിയെ ബന്ധപ്പെട്ടു. തുടർന്ന് ഒഴിപ്പിക്കൽ നിറുത്തിവയ്ക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിതോടെ പൊലീസ് പിന്മാറി.

സമരക്കാരിൽ 16 പേരെ അറസ്റ്റുചെയ്ത് വിട്ടയച്ചു. ഉന്തിലും തള്ളിലും പരിക്കേറ്റ മഞ്ജു (39), ഇന്ദു (41), തങ്കമ്മ (70), മിനി (45) എന്നിവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും ചന്ദ്രനെ (75) ഏലൂർ പാതാളം ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു.50 വർഷം മുമ്പ് ആരംഭിച്ച കേസാണ് സുപ്രീംകോടതി ഉത്തരവിൽ കോളനി നിവാസികൾക്ക് എതിരായത്. 1975ൽ ലാൻഡ് റവന്യൂ ബോർഡിൽ പട്ടയം ലഭിക്കാൻ കോളനിവാസികൾ തുടങ്ങിയ പോരാട്ടം പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ തുടങ്ങി സുപ്രീംകോടതി വരെ എത്തി.

മലയിടംതുരുത്ത് കണ്ണാട്ട് ശങ്കരൻനായരും കോളനി നിവാസികളും തമ്മിലാരംഭിച്ച കോടതി പോരാട്ടം പിന്നീട് പെൺമക്കളുടെ മക്കൾ ഏറ്റെടുക്കുകയായിരുന്നു. ദശാബ്ദങ്ങളായി തങ്ങൾ തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണിതെന്ന വാദമാണ് സുപ്രീംകോടതി ശരി വച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MALAYIDAMTHURUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA