SignIn
Kerala Kaumudi Online
Friday, 22 May 2026 8.25 AM IST

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ; 1800 കോടി രൂപ കൂടി കടമെടുക്കാൻ നീക്കം

v-d-satheesan

തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാനുള്ള നീക്കത്തിൽ കേരള സർക്കാർ. ഡിസംബർവരെ 23,000 കോടി കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിട്ടുണ്ട്. വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയതിനുശേഷമുള്ള ആദ്യ കടമെടുക്കലാണിത്. ഈ മാസം 12ന് സർക്കാർ 2800 കോടി കടമെടുത്തിരുന്നു.


ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്ക് പുറമെ ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കടമെടുക്കുന്നത്. റിസർവ് ബാങ്കുവഴിയിറക്കുന്ന കടപ്പത്രങ്ങളുടെ ലേലം മേയ് 26ന് നടക്കും.

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന് പണം കണ്ടെത്താനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യുരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടിയുടെ ഗ്യാരന്റി കൂടി നൽകി സർക്കാർ ഉത്തരവായിരുന്നു. കഴിഞ്ഞ വർഷം നൽകിയ 6000 കോടിയുടെ ഗ്യാരന്റി നവംബറിൽ പൂർത്തിയായിരുന്നു. ഇപ്പോൾ നൽകിയ ഗ്യാരന്റി ഉപയോഗിച്ച് കെ.എഫ്.സിയിൽ നിന്ന് 500 കോടിയും കെ.എസ്.എഫ്.ഇ.യിൽ നിന്ന് 3070 കോടിയും വായ്പയെടുക്കും. നാലുമാസത്തെ കുടിശിക നൽകുന്നതിനാണിത്. 3600 കോടിയാണിതിന് വേണ്ടത്.

പത്തുവർഷത്തെ ഇടതുമുന്നണി ഭരണത്തിൽ സംസ്ഥാനത്തെ ധനസ്ഥിതി എങ്ങനെയായെന്ന് വ്യക്തമാക്കുന്ന ധവള പത്രം തയ്യാറാക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയും ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷനുമായിരുന്ന ഡോ. കെ.എം. ചന്ദ്രശേഖരനാണ് വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ. ജൂൺ അഞ്ചിനാണ് പുതിയ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി ധവള പത്രം പുറത്തിറങ്ങുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA