കോതമംഗലം: കായികകേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് വാഗ്ദാനം ചെയ്യപ്പെട്ട അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നിർമ്മാണം മുടങ്ങിയിട്ട് 15 വർഷമാകുന്നു. ചേലാട്ടിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഗ്രൗണ്ടും പിണ്ടിമന ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നൽകേണ്ട ഭൂമിയുമുൾപ്പെടെ 8 ഏക്കറിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. 2006-2011 കാലത്തെ സർക്കാർ 25 കോടി രൂപ എസ്റ്റിമേറ്റിൽ അവതരിപ്പിച്ച പദ്ധതിക്കായി ആദ്യഘട്ടത്തിൽ 6 കോടി രൂപ അനുവദിച്ചിരുന്നു.
400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ ഗ്രൗണ്ട്, ഗ്യാലറി, പരിശീലന കേന്ദ്രം, നീന്തൽക്കുളം എന്നിവയുൾപ്പെട്ട കായിക സമുച്ചയത്തിന്റെ ഭൂമി നിരപ്പാക്കലും സംരക്ഷണഭിത്തി നിർമ്മാണവും നേരത്തെ പൂർത്തിയായിരുന്നു. ഇതിനുശേഷം തുടർനടപടികളുണ്ടായില്ല. പിണ്ടിമന ഗ്രാമപഞ്ചായത്ത് 3.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് കൈമാറുകയും 2016ൽ വീണ്ടും ശിലാസ്ഥാപനം നടത്തുകയും ചെയ്തെങ്കിലും നിർമ്മാണം പുനരാരംഭിച്ചില്ല. ചെലവഴിച്ച 6 കോടി രൂപയും സ്ഥലം ഏറ്റെടുക്കാൻ പഞ്ചായത്ത് ചെലവിട്ട ലക്ഷങ്ങളും പാഴായ അവസ്ഥയിലാണ്.
മാറിമാറിവന്ന സർക്കാരുകളുടെ അനാസ്ഥമൂലം സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ പൂർത്തീകരണം അനിശ്ചിതത്വത്തിലാകുന്നു. കിഫ്ബി ഫണ്ട് അനുവദിച്ചെന്നും തടസങ്ങൾ നീക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ആവർത്തിക്കുമ്പോഴും പ്രായോഗിക നടപടികളുണ്ടാകുന്നില്ല. ഉന്നത ഉദ്യോഗസ്ഥസംഘങ്ങൾ പലതവണ സ്ഥലസന്ദർശനം നടത്തിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.
നിർവഹണച്ചുമതലയിൽനിന്ന് കിറ്റ്കോയെ ഒഴിവാക്കി കായികവകുപ്പിന് കീഴിലുള്ള സ്ഥാപനത്തെ ഏല്പിച്ചെങ്കിലും നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാനായില്ല.
ചേലാട് സ്പോർട്സ് കോംപ്ലക്സ് പദ്ധതി അട്ടിമറിക്കാൻ തുടക്കംമുതൽ ശ്രമം നടന്നിരുന്നു. കോതമംഗലം ടൗണിൽനിന്ന് 5 കിലോമീറ്റർ മാറി പദ്ധതി നടപ്പാക്കുന്നതിനെ ചിലർ എതിർത്തു. പദ്ധതിക്കായി നീക്കിവച്ച സ്ഥലത്ത് പോളിടെക്നിക്ക് അധികൃതർ പുതിയ കെട്ടിടം നിർമ്മിച്ചത് തിരിച്ചടിയായി.
സ്ഥലലഭ്യത കുറഞ്ഞതോടെ ലക്ഷ്യമിട്ട സൗകര്യങ്ങളോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ സ്പോർട്സ് കോംപ്ലക്സിന് പകരം ഫുട്ബാൾ സ്റ്റേഡിയം മാത്രമായി പദ്ധതി ചുരുക്കാൻ കായികവകുപ്പ് ആലോചിക്കുന്നു. പദ്ധതിക്ക് തടസമായി നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്.
സ്പോർട്സ് കോംപ്ലക്സ് പൂർത്തിയായിരുന്നെങ്കിൽ വമ്പൻ കായികമാമാങ്കങ്ങൾക്കും ഫുട്ബാൾ മത്സരങ്ങൾക്കും അത്ലറ്റിക് മീറ്റുകൾക്കും ഇവിടം വേദിയാകുമായിരുന്നു.
വളർന്നുവരുന്ന തലമുറയ്ക്ക് കായിക സ്വപ്നങ്ങൾ പകർന്നുനൽകുന്നതിനൊപ്പം കായിക കേരളത്തിന്റെ തലസ്ഥാനമെന്ന പദവി ഉറപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |