SignIn
Kerala Kaumudi Online
Thursday, 21 May 2026 12.17 PM IST

തലസ്ഥാനത്തെ മൾട്ടി മോഡൽ മൊബിലിറ്റി ഹബ്ബ് അനക്കമില്ല,​ നടപടിയുമില്ല

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തലസ്ഥാനത്തെ ആദ്യത്തെ മൾട്ടി മൊബിലിറ്റി ഹബ്ബ് പദ്ധതി മരവിച്ച അവസ്ഥ. നിലവിൽ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കവുമുണ്ടെന്നാണ് വിവരം. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ആദ്യവട്ട ചർച്ചകൾ നടന്നെങ്കിലും പിന്നീടങ്ങോട്ട് നടപടിയുണ്ടായില്ല. വിദഗ്ദ്ധ അഭിപ്രായങ്ങൾ ഉൾപ്പെടെ നഗരസഭ തേടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. 5 വർഷത്തിനകം വികസന പദ്ധതികൾ നടപ്പിലായില്ലെങ്കിൽ ഭൂമി തിരിച്ച് ഭൂ ഉടമകൾക്ക് നൽകണമെന്നും മാസ്റ്റർപ്ളാനിൽ നിർദ്ദേശിക്കുന്നുണ്ട്.

നഗരസഭയുടെ 2040 വരെയുള്ള മാസ്റ്റർപ്ളാനിലാണ് മൾട്ടി മോഡ് മൊബിലിറ്റി പ്ളാൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മോഡൽ മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാനുള്ള മാസ്റ്റർപ്ളാനിലെ ശുപാർശയും നഗരസഭ കൗൺസിൽ വഴി അംഗീകരിച്ചിരുന്നു. ആനയറയാണ് ഹബ്ബിനായി തിരഞ്ഞെടുത്തത്.

 മൾട്ടി മൊബിലിറ്റി ഹബ്ബ്

തലസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിന് ആധുനിക രീതിയിലുള്ള യാത്രാസംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംയോജിത പൊതു ഗതാഗത സംവിധാനമാണ് മൾട്ടി മൊബിലിറ്റി ഹബ്ബ്. ദേശീയ പാത 66, ട്രിവാൻഡ്രം നോർത്ത് ടെർമിനൽ, ദേശീയ ജലപാത, ട്രിവാൻഡ്രം മെട്രോ, വിമാനത്താവളം എന്നിവ ഹബ്ബിൽ ഉൾപ്പെടും.

ഹബ്ബിനായി തിരഞ്ഞെടുത്തത്

106 ഏക്കർ

 ഹബ്ബാക്കാൻ ആനയറ

2040 വരെയുള്ള മാസ്റ്റർപ്ളാനിൽ ആനയറയിൽ പ്രത്യേക വികസന പ്രദേശമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ആനയറയിലെ 106 ഏക്കർ ഹബ്ബിനായി തിരഞ്ഞെടുത്തത്. നിലവിൽ കെ.എസ്.ആർ.ടി.സിക്കു വേണ്ടി സ്ഥലമുണ്ട്.

 ഹബ്ബ് വന്നാൽ

@നഗരത്തിലെ എല്ലാ പൊതുഗതാഗത സേവനങ്ങളെയും ഒരൊറ്റ സൗകര്യത്തിനുള്ളിൽ ബന്ധിപ്പിക്കുന്ന ഹബ്ബായി ആനയറ മാറും

@തിരുവനന്തപുരം വിമാനത്താവളം,കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ,റോഡ് വഴിയുള്ള പൊതു ഗതാഗതം,നിർദ്ദിഷ്ട കോവളം ബേക്കൽ ഉൾനാടൻ ജലഗതാഗതം,ലൈറ്റ് മെട്രോ എന്നീ മേഖലകൾ സംയോജിക്കും.

@ ആനയറ പ്രദേശത്തിനു സമീപമുള്ള ആക്കുളം,വേളി തടാകങ്ങളുടെ സാമിപ്യം ഈ പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കും

 സ്വകാര്യ പങ്കാളിത്തം

ഹബ്ബ് നിർമ്മാണത്തിന് ഭീമമായ തുക വേണ്ടിവരുന്നതിനാൽ സ്വകാര്യ പങ്കാളിത്തത്തോടുകൂടി നിർമ്മിക്കണമെന്നും തീരുമാനമുണ്ടായിരുന്നു.

മെട്രോയിലും പ്രതീക്ഷ

2026ൽ തലസ്ഥാനത്ത് മെട്രോ റെയിലിന്റെ പ്രാരംഭഘട്ട നടപടികൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നിലവിലുണ്ട്. മെട്രോയുടെ അലൈൻമെന്റിലും ആശങ്കയുണ്ട്. മൂന്ന് അലൈൻമെന്റുകൾ സർക്കാരിനുമുന്നിൽ കെ.എം.ആർ.എൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അലൈൻമെന്റ് അന്തിമമാക്കാൻ ഇതുവരെ സർക്കാരിനായിട്ടില്ല. അതിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. ഡി.പി.ആർ തയാറാക്കിയശേഷം മാത്രമേ അംഗീകാരത്തിനായി കേന്ദ്രത്തെ സമീപിക്കാനാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL