
വിതുര: മലയോരമേഖലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി ആരംഭിച്ച വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു. ടയറില്ലാത്തതിനാൽ 11 ബസുകൾ കട്ടപ്പുറത്താണ്.സ്പെയർ പാർട്സുകളുടെ കുറവുമുണ്ട്. ഇതിനാൻ മിക്ക റൂട്ടുകളിലും സർവീസുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്.യാത്രാക്ളേശവും ഇരട്ടിച്ചിട്ടുണ്ട്.
വിതുര ഡിപ്പോയിൽ നിന്നും 42 ഷെഡ്യൂളുകളാണ് സർവീസ് നടത്തിയിരുന്നത്.ഇപ്പോൾ 32 എണ്ണമാണ് ഓടുന്നത്.പ്രധാന റൂട്ടുകളിൽ പോലും വേണ്ടത്ര സർവീസുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്.ഡിപ്പോയിൽ പരാതി പറഞ്ഞാലും നടപടികളില്ലായെന്ന ആക്ഷേപവും ശക്തമാണ്.ഇടയ്ക്ക് എല്ലാബസുകളും സർവീസ് നടത്തിയിരുന്നപ്പോൾ കളക്ഷൻ കുതിച്ചുയർന്നു. യാത്രാദുരിതത്തിനും പരിഹാരമായി.എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ ഇവ താളം തെറ്റുകയായിരുന്നു. ഇടക്കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഡിപ്പോ പിന്നീട് കളക്ഷൻ ഉയർന്ന് ശക്തമായ തിരിച്ചുവരവിലായിരുന്നു.
സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചതാണ് പ്രശ്നം സങ്കീണമാക്കാൻ മറ്റൊരു കാരണം.വിതുര-നെടുമങ്ങാട്-തിരുവനന്തപുരം റൂട്ടിലാണ് യാത്രാപ്രശ്നം കൂടുതലായും നിഴലിക്കുന്നത്. ഇടറൂട്ടുകളിലും ഇതേ അവസ്ഥയാണ്. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് വിതുരയിലേക്ക് പുറപ്പെടുന്ന ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിൽ തിരക്ക് മൂലം കയറാൻ കഴിയാത്ത അവസ്ഥയാണ്.യാത്രക്കാർ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദിയും നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
26 വർഷമായി നീളുന്ന അലച്ചിൽ
മലയോരമേഖലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി അനുവദിച്ച വിതുര ഡിപ്പോ പ്രവർത്തനം ആരംഭിച്ചിട്ട് 26 വർഷമാകുന്നു.തുടക്കത്തിൽ വേണ്ടത്ര സർവീസുകൾ ഉണ്ടായിരുന്നതിനാൽ മികച്ച കളക്ഷനായിരുന്നു. അതിനാൽ ഡിപ്പോയെ എ.ടി.ഒ ഓഫീസാക്കി ഉയർത്തിരുന്നു.എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ ഡിപ്പോയുടെ പ്രവർത്തനങ്ങൾ താളംതെറ്റി. തുടർന്ന് എ.ടി.ഒ ഓഫീസ് പിൻവലിച്ചു.ഇടക്കാലത്ത് മുഴുവൻ സർവീസും ഓപ്പറേറ്റ് ചെയ്തപ്പോൾ കളക്ഷൻ കുതിച്ചുയർന്നു.പ്രതിദിനകളക്ഷൻ ആറ് ലക്ഷത്തോളം വരെ എത്തി.കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയബസുകൾ അനുവദിക്കണമെന്ന ഡിപ്പോയുടെ ആവശ്യവും ഇതേവരെ പരിഗണിച്ചിട്ടില്ല. മാത്രമല്ല,കൃത്യമായി ടയറും,സ്പെയർ പാർട്സുകളും ലഭിക്കാറുമില്ല.
ബഡ്‌ജറ്റ് ടൂറിസം വൻവിജയം
ഡിപ്പോയുടെ നേതൃത്വത്തിലുള്ള ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉല്ലാസയാത്രകൾ വൻവിജയമായിരുന്നു.മികച്ച കളക്ഷനാണ് ലഭിക്കുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ നടത്തും. പൊൻമുടിയിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വിവിധ ക്ഷേത്രങ്ങളിലേക്കുമായി നിരവധി സർവീസുകളാണ് നടത്തുന്നത്. കൂടുതൽ ബസില്ലാത്തത് ബഡ്ജറ്റ് ടൂറിസത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്.
പ്രതികരണം
വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.ആവശ്യത്തിന് ടയറും,സ്പെയർപാർട്സും,ബസും അനുവദിക്കണം.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാ കമ്മിറ്റി.
ഫോട്ടോ: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |