SignIn
Kerala Kaumudi Online
Monday, 18 May 2026 5.57 PM IST

ഇന്ത്യയുടെ 'വിഷ്‌ണു'വിനെ ഭയന്ന് പാകിസ്ഥാനും ചൈനയും; ഒറ്റ സെക്കൻഡിൽ സഞ്ചരിക്കുന്നത് മൂന്ന് കിലോമീറ്റർ

soldier

ന്യൂഡൽഹി: ഏറ്റവും പുതിയ നൂതന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെട‌ുപ്പിൽ ഇന്ത്യ. 'പ്രോജക്‌ട് വിഷ്‌ണു' എന്ന പേരിൽ പൂർണമായും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ മിസൈൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ പ്രതീകമാണ്.

ഈ മിസൈൽ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തത്. പാകിസ്ഥാൻ, ചൈന ഉൾപ്പെടെയുള്ള ശത്രു രാജ്യങ്ങളിലെ പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമിക്കാൻ ഈ മിസൈലിന് സാധിക്കും. 'മാക് 8' ആണ് മിസൈലിന്റെ പരമാവധി വേഗത. അതായത് മണിക്കൂറിൽ ഏകദേശം 11,000 കിലോമീറ്റർ അല്ലെങ്കിൽ ഓരോ സെക്കൻഡിലും ഏകദേശം മൂന്ന് കിലോമീറ്റർ വേഗതയിൽ ഇതിന് സഞ്ചരിക്കാനാകും.

നിലവിലുള്ള റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഈ മിസൈലിനെ കണ്ടെത്താനോ തടയാനോ സാധിക്കില്ല. ഇവ തന്ത്രപരമായി ഉപയോഗിക്കാവുന്ന ആയുധമാണ്. നൂതനമായ ഒരു സ്ക്രാംജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈൽ, ഇന്ധനം കത്തിക്കാനായി അന്തരീക്ഷത്തിൽ നിന്നുള്ള വായു ഉപയോഗിക്കുന്നു. ഇത് ദീർഘനേരം വേഗത നിലനിർത്താൻ സഹായിക്കുന്നു. പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ പുരോഗതി തെളിയിക്കുന്ന ഈ പുതിയ എഞ്ചിന്റെ 1000 സെക്കൻഡ് ഗ്രൗണ്ട് ടെസ്റ്റ് ഇതിനോടകം തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

നിശ്ചിത പാതകളിലൂടെ സഞ്ചരിക്കുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്‌ക്ക് താഴ്‌ന്നും ഉയർന്നും മദ്ധ്യത്തിലുമെല്ലാം ദിശകൾ മാറ്റി സഞ്ചരിക്കാനാകും. 2000 ഡിഗ്രി സെൽഷ്യസ് വരെയുള്ള തീവ്രമായ താപനിലയെ അതിജീവിക്കാൻ കഴിയുന്ന പ്രത്യേക താപ - പ്രതിരോധ ശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപ്പുവെള്ളത്തിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇതിന് പ്രത്യേക പ്രതിരോധശേഷിയുള്ള കോട്ടിംഗും ഉണ്ട്.

അതിനാൽ, കരയിൽ നിന്നോ വായുവിൽ നിന്നോ കടലിൽ നിന്നോ ഇത് വിക്ഷേപിക്കാൻ കഴിയും. ഇന്ത്യൻ സൈന്യത്തിന് യുദ്ധത്തിൽ കൂടുതൽ സഹായകരമാകുന്ന സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഈ മിസൈലിന്റെ നിർമാണത്തിലൂടെ ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്തു എന്നത് ഇന്ത്യയുടെ ഈ നേട്ടത്തെ സവിശേഷമാക്കുന്ന കാര്യമാണ്. കൂടാതെ ഇന്ത്യയ്‌ക്ക് നേരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണികൾ കുറച്ച് സുരക്ഷ വർദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOLDIER, PROJECT VISHNU, DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360