SignIn
Kerala Kaumudi Online
Saturday, 16 May 2026 1.55 AM IST

സ്വന്തം മൃതദേഹം: വ്യക്തിയുടെ തീരുമാനം അന്തിമം

h

കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടു നൽകിയ അമ്മയുടെ മൃതദേഹം, മക്കളിൽ ചിലർ ആവശ്യപ്പെട്ടതിന്റെ പേരിൽ മാത്രം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴു മക്കളിൽ മൂന്നു പേർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം ശരീരം എന്തു ചെയ്യണമെന്ന വ്യക്തിയുടെ താത്പര്യം മറികടക്കാൻ ഇത്തരം അവകാശവാദങ്ങൾ കൊണ്ട് സാദ്ധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 23നാണ് ഏഴ് മക്കളുള്ള മേരി മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങൾ ചേർന്ന് അമ്മയുടെ മൃതദേഹം കളമശേരി ഗവ. മെഡിക്കൽ കോളേജിന് കൈമാറിയെന്നായിരുന്നു ഹർജിക്കാരായ ഗ്രീനി, ഫ്രാൻസിസ്, ഫിലോമിന എന്നിവരുടെ പരാതി. മൃതദേഹം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ഞാറയ്ക്കൽ പൊലീസിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ, മരണശേഷം ശരീരം പഠനാവശ്യത്തിനായി നൽകാൻ അമ്മ നേരത്തെ തന്നെ സമ്മതപത്രം നൽകിയിരുന്നതായി മറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ചിരുന്നു. പരേതയോടുള്ള അനാദരവാണ് ഹർജിക്കാരുടേതെന്നും വാദിച്ചു.സമ്മതപത്രം പരിശോധിച്ച കോടതി, അത് പിൻവലിച്ചിരുന്നുവെന്ന ഹർജിക്കാരുടെ വാദത്തിന് തെളിവുകളില്ലെന്ന് വിലയിരുത്തി. 1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാൾ തന്റെ ശരീരം പഠനാവശ്യത്തിന് നൽകാൻ ആഗ്രഹിച്ചാൽ അത് മെഡിക്കൽ സ്ഥാപനങ്ങൾക്ക് കൈമാറാം. ഹർജിക്കാരുടെ അമ്മയുടെ അവസാന ആഗ്രഹത്തിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA