SignIn
Kerala Kaumudi Online
Thursday, 14 May 2026 10.14 AM IST

'വീട്ടിലെ പ്രസവത്തെപ്പറ്റി സോഷ്യൽ മീഡിയയിലൂടെയുളള തെറ്റായ പ്രചാരണങ്ങൾ കുറ്റകരം'; നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

veena-george

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് യോഗത്തിൽ അറിയിച്ചു.

'സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണ്.

ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവൽക്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റേയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടർനടപടി സ്വീകരിക്കാൻ ജില്ലാ മേധാവിമാർക്കും നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കണം. ഓരോ പ്രദേശത്തിന്റേയും വിവരങ്ങൾ കൃത്യമായി ശേഖരിക്കണം'- വീണാ ജോർജ് പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഐഎസ്എം ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ ആർ ടി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Add as a preferred source on Google
TAGS: KERALA, HEALTH MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA