SignIn
Kerala Kaumudi Online
Thursday, 21 May 2026 2.38 AM IST

മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് മാടപ്പള്ളിയിൽ ആഹ്ലാദാരവം

കോട്ടയം : ആശങ്കകൾക്കും, നീണ്ട സമരങ്ങൾക്കും ഒടുവിൽ 1490-ാം ദിവസം മാടപ്പള്ളിക്കാരെ തേടി ആശ്വാസവാർത്തയെത്തി. സിൽവർലൈൻ പദ്ധതി വിജ്ഞാപനം സർക്കാർ റദ്ദാക്കി. പിന്നീട് അലയടിച്ചത് ആഹ്ലാദാരവം. പടക്കം പൊട്ടിച്ചും, മധുരപലഹാരം വിതരണം ചെയ്തും ജനം തെരുവിലിറങ്ങി. പിന്നിട്ട പോരാട്ടങ്ങളിൽ അവരേറ്റ മുറിപ്പാടുകൾക്ക് ഒടുവിൽ പരിഹാരം ആയതിന്റെ സന്തോഷം ഓരോരുത്തരുടെയും മുഖത്ത് ദൃശ്യമായിരുന്നു. പൊലീസിന്റെ ക്രൂരമായ മർദ്ദനമുറകൾക്കാണ് ആ പാവങ്ങൾ ഇരയാകേണ്ടി വന്നത്. നടുറോഡിലൂടെ സ്ത്രീകൾ അടക്കമുള്ളവരെ വലിച്ചിഴച്ച് മുന്നോട്ടുപോയ പൊലീസിന്റെ കൈക്കരുത്ത് സംസ്ഥാനമൊട്ടാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

സമരം പലയിടങ്ങളിലും കെട്ടടങ്ങിയിട്ടും സജീവമായ ഏകസ്ഥലമായിരുന്നു മാടപ്പള്ളി. ജില്ലയിലെ 4000 ത്തോളവും മാടപ്പള്ളിയിൽ 400ഓളം കുടുംബങ്ങളെയുമാണ് പദ്ധതി പ്രതികൂലമായി ബാധിക്കുന്നത്. 2022 മാർച്ച് 17ന് ചങ്ങനാശേരി മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ സിൽവർ ലൈൻ ജനകീയ സമരസമിതിക്ക് തുടക്കംകുറിച്ച് സമരപ്പന്തൽ ഉയർന്നു. 2022 ഏപ്രിൽ 20 ന് സ്ഥിരം സമരപ്പന്തൽ. മനുഷ്യച്ചങ്ങലയടക്കം സംഘടിപ്പിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ട് തവണ സമരപ്പന്തൽ സന്ദർശിച്ചു. കോട്ടയം, മാടപ്പള്ളി, വെള്ളുത്തുരുത്തി, കൊല്ലാട്, നട്ടാശേരി, വെമ്പള്ളി, ഞീഴൂർ, വിളയംതോട്, പേരൂർ, കുഴിയാലിപ്പടി എന്നിവിടങ്ങളായിരുന്നു ജില്ലയിലെ സമരകേന്ദ്രങ്ങൾ. 63 സമര സമിതി യൂണിറ്റുകളാണ് പ്രവർത്തിച്ചിരുന്നത്. സമരം വിജയം കണ്ടതിന്റെ ഭാഗമായി 22 ന് വൈകിട്ട് 5 ന് കോട്ടയം നഗരത്തിൽ വിക്ടറി റാലിയ്ക്കായുള്ള ഒരുക്കത്തിലാണ് സമരസമിതി.

പോരാട്ടത്തിന്റെ നാൾവഴികൾ

2022 മാർച്ച് 17 ന് നടന്ന സർവേ കല്ലിടലിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ വലിയ സംഘർഷമുണ്ടായി.
റോസ്‌ലിൻ ഫിലിപ്പ് എന്ന വീട്ടമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവം കേരളമാകെ വലിയ പ്രതിഷേധത്തിന് കാരണമായി.
ഇതിനെതിരെ മാടപ്പള്ളിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ഥിരം സമരപ്പന്തൽ സ്ഥാപിച്ച് അനിശ്ചിതകാല സമരം തുടങ്ങി. ഇന്നലെ 1490-ാംദിവസമായിരുന്നു.

10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്

20 വാർഡുകളിൽ 7 വാർഡുകളിലൂടെയായിരുന്നു ഏഴര കിലോമീറ്റർ പാത

''വലിയ ആശ്വാസം. കിടപ്പാടം നഷ്ടമാകുമോയെന്ന ഭയപ്പാടോടെയാണ് ഓരോദിവസവും തള്ളിനീക്കിയത്. കേസ് കൂടി പിൻവലിച്ചാൽ മാത്രമേ പൂർണ്ണമായും ആശ്വാസമാകൂ. 36 സെന്റ് സ്ഥലവും കടയും ഉൾപ്പെടെ ബഫർ സോണിലായിരുന്നു.

-(ലിജി സാബു കുറുമ്പനാടം)

''കേരളീയ സമൂഹത്തിന് തന്നെ സമാശ്വാസം നൽകുന്ന തീരുമാനം. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. തീരുമാനം വന്നതിൽ ഏറെ സന്തോഷം.

-(മിനി കെ.ഫിലിപ്പ്, ജനകീയ സമിതി ജില്ലാ രക്ഷാധികാരി)

''വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായി. 60 സെന്റ് സ്ഥലം നഷ്ടമാകുമായിരുന്നു. സ്ഥലം വിറ്റഴിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വേറെ സ്ഥലവും വീടും വാങ്ങാൻ വരെ പദ്ധതി ഉണ്ടായിരുന്നു.

-(അപ്പിച്ചൻ എഴുത്തുപള്ളിക്കൽ, കുറുമ്പനാടം)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL