
പത്തനംതിട്ട: വംശനാശത്തിന്റെ വക്കിലായിരുന്ന ' റോയൽ രാജപാളയം ' എന്ന വേട്ടനായ വർഗത്തെ സംരക്ഷിച്ചു പരിപാലിക്കുകയും ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൗത്യം തുടരുകയാണ് പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം. ജൈവ വൈവിദ്ധ്യ ഗവേഷകനും സ്പീഡ് കാർട്ടൂണിസ്റ്റുമായ ഡോ.ജിതേഷ്ജിയാണ് സ്ഥാപകൻ.
' സേവ് റോയൽ രാജപാളയം ' എന്നാണു ഈ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് റേഡിയോ പരിപാടിയിൽ രാജപാളയം വേട്ടനായ്ക്കളെക്കുറിച്ചുള്ള പ്രഭാഷണത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ജിതേഷ്ജി അവയുടെ സംരക്ഷകനായത്.
ഈ ദക്ഷിണേന്ത്യൻ നായവംശത്തിന്റെ കീർത്തി ലോകമെമ്പാടും എത്തിക്കുകയാണ് ജിതേഷ്ജിയുടെ ലക്ഷ്യം. കേരളത്തിന്റെ തനതു കന്നുകാലി വർഗമായ വെച്ചൂർ പശുവിനെ സംരക്ഷിച്ച പദ്മശ്രീ പുരസ്‌കാര ജേതാവ് ഡോ.ശോശാമ്മ ഐപ്പിന്റെ പ്രവർത്തനങ്ങളും ജിതേഷ്ജിക്ക് പ്രചോദനമായി. സ്‌കൂൾ വിദ്യാർത്ഥിയായ മകൻ നിരഞ്ജനും കൂട്ടുകാരും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിന്റെ സജീവ പ്രവർത്തകരാണ്.
രാജപാളയം നായ
തമിഴ്‌നാട്ടിലെ വിരുദ് നഗർ ജില്ലയിലെ രാജപാളയം എന്ന ചെറുപട്ടണത്തിലാണ് രാജപാളയം വേട്ടനായ വംശത്തിന്റെ ഉദയം. തൂവെള്ള നിറം. പിങ്ക് കളറിൽ മൂക്കും കാൽപ്പാദവും. റോസ് നിറത്തിലുള്ള ചർമ്മം. മുല്ലമൊട്ടുപോലെയുള്ള പല്ലുകൾ. വെള്ള നഖം. പുലിയെ വെല്ലുന്ന വേഗം.
നല്ല ഉയരവും നീളവും. മനോഹരവും ബലിഷ്ടവുമായ ആകാരവടിവ്. ഉയർന്ന രോഗപ്രതിരോധശേഷി. 13 മുതൽ 15 വയസ്സുവരെ ആയുർദൈർഘ്യം.
ഡി.എൻ.എ ടെസ്റ്റ് നടത്തി വംശശുദ്ധി ഉറപ്പാക്കിയ മുന്തിയ ഇനം രാജപാളയം നായ ശേഖരമാണു ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിലുളളത്.
വിജ്ഞാനം പകരുന്ന ഗുരുകുലം
പുതിയ തലമുറയ്ക്ക് ജൈവ വൈവിദ്ധ്യ ജ്ഞാനം പകരുന്ന ക്ലാസുകളും സെമിനാറുകളും ഗുരുകുലത്തിൽ നടത്തിവരുന്നു. കോന്നി എലിയറയ്ക്കലിൽ ഏഴ് ഏക്കറോളം വിസ്തൃതിയിൽ സ്വകാര്യ തപോവനവും സംരക്ഷിക്കുന്നുണ്ട് ഹരിതാശ്രമം 'മണ്ണുമര്യാദ ' ഗുരുകുലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |