വടക്കാഞ്ചേരി: പത്ത് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വാഴാനി പുഴ നവീകരണം എങ്ങുമെത്താത്ത അവസ്ഥയിൽ. ടോട്ടൽ ഡെവലപ്പ്‌മെന്റ് പ്ലാൻ ഫോർ വടക്കാഞ്ചേരി റിവർ ഫേയ്‌സ് എന്ന പദ്ധതി പ്രകാരം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എവിടെയുമെത്താതെ ഇഴയുന്നു. കാലവർഷം പടിവാതിൽക്കലെത്തിയിട്ടും പദ്ധതി അടുത്തൊന്നും പൂർത്തിയാക്കുക അസാദ്ധ്യമാണ്. പുഴ സംരക്ഷണ ഭിത്തി കെട്ടാൻ കോരിയ മണ്ണ് പാടശേഖരങ്ങളിൽ മലയായി കിടപ്പാണ്. പുഴയിലെ മൺതിട്ടകൾ കരകവിഞ്ഞൊഴുകുന്നതിന് വഴിവയ്ക്കും. എല്ലാ കാലവർഷത്തിലും കരകവിഞ്ഞൊഴുകുന്ന വാഴാനി പുഴ ഇത്തവണ ശക്തമായൊരു മഴ പെയ്താൽ കരകവിയും എന്ന സ്ഥിതിയാണ്. അടിയന്തരമായി പുഴയിലേയും പാടശേഖരത്തേയും മണ്ണ് നീക്കം ചെയ്യണമെന്നാണ് ജനകീയ ആവശ്യം.
പദ്ധതിക്ക് ലക്ഷ്യങ്ങൾ നിരവധി
വടക്കാഞ്ചേരി, തെക്കുംകര പ്രദേശത്തെ സമഗ്രകാർഷിക വികസനം, വെള്ളക്കെട്ട് ഒഴിവാക്കൽ, പുഴയുടെ സ്വഭാവിക നീരൊഴുക്ക് പുന:സ്ഥാപിക്കൽ, തീരശോഷണം തടയൽ, പുഴ തട ടൂറിസം വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. തെക്കുംകര പഞ്ചായത്ത് അതിർത്തിയിലും വടക്കാഞ്ചേരി നഗരസഭാതിർത്തിയിലും 5 കോടി വീതമാണ് നീക്കിവച്ചത്. വാഴാനി ഡാം മുതൽ കാഞ്ഞിക്കോട് വരെയുള്ള 20 കിലോമീറ്റർ ഭാഗത്തെ വികസനമാണ് നടപ്പിലാക്കുന്നത്. 2023 ലെ പ്രളയത്തിൽ ഒലിച്ചു പോയ പട്ട്യാംകുന്ന് പാല നിർമ്മാണവും നടക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |