SignIn
Kerala Kaumudi Online
Sunday, 17 May 2026 3.36 AM IST

ഇത് ചിരട്ടയുടെ കാലം; വില കുതിച്ചുയരുന്നു

chiratta
ചിരട്ട

പാലക്കാട്: പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി, ചിരട്ടയ്ക്ക് ഇപ്പോൾ പൊന്നും വിലയാണ്. ചിരട്ടകൾ വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കിൽ, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോൾ ഗ്രാമങ്ങൾ തോറും ആളുകൾ എത്തുന്ന സ്ഥിതിയാണ്. രണ്ടുവർഷം കൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. നിലവിൽ കിലോയ്ക്ക് 32 മുതൽ 35 രൂപ വരെയാണ് മൊത്തക്കച്ചവടക്കാർ നൽകുന്നത്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.

തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്. വലിയ ലോറികളുമായി ചിരട്ട വ്യാപാരികൾ ജില്ലയിലെത്തുന്നുണ്ട്. കരി എടുക്കാനും ഓയിൽ എടുക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചിരട്ടയുടെ ഉപയോഗം മറ്റ് പല മേഖലകളിലേക്കും വ്യാപിച്ചെന്നും വ്യാപാരികൾ പറയുന്നു.

ചൈന, ഇറ്റലി, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ചിരട്ടക്കരി ഇപ്പോൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിനുള്ള വലിയ വ്യവസായ ശാലകൾ തമിഴ്നാട്ടിലും കർണാടകയിലും ഉണ്ടെന്ന് സംഭരണ ഏജൻസികൾ പറയുന്നു. വെള്ളം ശുദ്ധീകരണത്തിനും സൗന്ദര്യ വർദ്ധന വസ്തുക്കൾ നിർമ്മിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന ആഗിരണശക്തി ഉള്ളതിനാൽ വായു ശുദ്ധീകരണത്തിനും ജലശുദ്ധീകരണത്തിനും ചിരട്ടയിൽ നിന്നും നിർമ്മിക്കുന്ന ഉത്തേജിത കരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഏഷ്യയിലും മിഡിൽ ഈസ്റ്റിലും പ്യൂരിഫയർ നിർമാതാക്കൾ ചിരട്ടക്കരിയാണ് കൂടുതലും ആശ്രയിക്കുന്നത്. കൂടുതൽ സമയം കത്തിനിൽക്കുമെന്നതും അമിതമായി പുക പുറപ്പെടുവിക്കുന്നില്ല എന്നതും കൂടുതൽ ചൂട് നൽകുന്നു എന്നതും മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വ്യവസായങ്ങളിൽ ചിരട്ടക്കരിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതിനുപുറമേ ചിരട്ടയിൽ നിർമ്മിക്കപ്പെടുന്ന സ്പൂണുകൾ, ബൗളുകൾ, ജ്വല്ലറികൾ എന്നിവയ്ക്ക് ആഗോളതലത്തിൽ പ്രചാരം വർദ്ധിച്ചതും ചിരട്ട കയറ്റുമതി വർദ്ധിക്കാൻ കാരണമായി. വിപണി വാണിരുന്ന തേങ്ങയുടെ വില ഇടിയുകയാണ്. പച്ചത്തേങ്ങ കിലോഗ്രാമിന് 80 രൂപ വരെയുണ്ടായിരുന്നത് 35 രൂപ വരെ താഴ്ന്നിരുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ തേങ്ങ ഉൽപ്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവും വിലയിടിവിന് കാരണമായി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL