SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.37 PM IST

ഇറാനിലെ 134 വർഷം പഴക്കമുള്ള വിഷ്‌ണു ക്ഷേത്രം; ഭക്തിഗാനം ആലപിച്ചത് മുസ്ലീം യുവതി, ചരിത്രബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

temple

ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ വാർത്തകളിൽ നിറഞ്ഞുകേൾക്കുന്നതാണ് ഇറാന്റെ പേര്. ഇപ്പോഴിതാ യുദ്ധമല്ലാതെ ഇറാനിൽ നിന്നുള്ള മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറാനിലെ പ്രധാന ആഗോള കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിനടുത്തുള്ള ബന്ദർ അബ്ബാസ് നഗരത്തിന്റെ ഹൃദയഭാഗത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഹിന്ദു വിഷ്ണു ക്ഷേത്രം ഇന്നും നിലകൊള്ളുന്നുവെന്നതാണ് ആ വാർത്ത. പലർക്കും ഇതൊരു അത്ഭുതമായി തോന്നിയേക്കാം. ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം അമിതാഭ് ബച്ചനാണ് ഒരു ചെറിയ വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ ഇത് തുറന്നുകാട്ടിയിരിക്കുന്നത്.

'ഇറാനിലെ ബന്ദർ അബ്ബാസിലെ പുരാതന ഹിന്ദു വിഷ്‌ണു ക്ഷേത്രം' എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. 24 മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിനുപേർ ഇത് കണ്ടു. എന്നാൽ, ആളുകളെ ആകർഷിച്ചത് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ മാത്രമായിരുന്നില്ല. വീഡിയോയുടെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട പേർഷ്യൻ ഭാഷയിലെ വിഷ്‌ണുഭക്തിഗാനമാണ്. ഇസ്ലാം വിഭാഗത്തിൽപ്പെട്ട യുവതിയാണ് ഈ ഭക്തിഗാനം ആലപിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ല ചരിത്ര ബന്ധങ്ങളെക്കുറിച്ച് പോലും ചർച്ച ചെയ്യാൻ ഈ വീഡിയോ കാരണമായി.

ക്ഷേത്ര ചരിത്രം

1892ൽ ഖജർ കാലഘട്ടത്തിൽ നിർമിച്ച ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന് 134 വർഷത്തെ പഴക്കമുണ്ട്. ഇറാനിൽ ജോലി ചെയ്‌തിരുന്ന ഇന്ത്യയിൽ നിന്നുള്ള ഹിന്ദു വ്യാപാരികൾക്കായി നിർമിച്ചതാണിത്. പേർഷ്യൻ ഭാഷയിലുള്ള ഭക്തിഗാനവും ഇതുമായി ബന്ധപ്പെട്ടതാണ്. ബന്ദർ അബ്ബാസ് വിഷ്ണു ക്ഷേത്രം എന്നാണ് ഹോർമോസ്‌ഗാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അറിയപ്പെടുന്നത്. 1888ലാണ് വ്യാപാരികൾക്ക് ക്ഷേത്രം നിർമിക്കാനുള്ള അനുമതി ലഭിച്ചതെന്നാണ് ഇറാനിയൻ ചരിത്രകാരനും കവിയുമായ മുഹമ്മദ് അലി സാദിദ് അൽ- സൽത്താന പറയുന്നത്. മറ്റ് പല ക്ഷേത്രങ്ങളുടെയും ഘടനകളിൽ നിന്ന് വ്യത്യസ്‌തമാണിത്.

നാല് വർഷമെടുത്താണ് ക്ഷേത്രം നിർമിച്ചത്. പണ്ടുകാലത്ത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽപ്പെട്ടവർ എത്ര സമാധാനപരമായാണ് സഹവർത്തിച്ചുപോന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഈ വിഷ്‌ണു ക്ഷേത്രം മുമ്പ് 'ലിറ്റിൽ ഇന്ത്യ' എന്നും അറിയപ്പെട്ടിരുന്നു. ഇവിടെ വച്ചാണ് ഇന്ത്യക്കാർ പരസ്‌പരം കണ്ടുമുട്ടിയിരുന്നത്.

ക്ഷേത്രത്തിന്റെ വാസ്‌തുവിദ്യയാണ് മറ്റൊരു പ്രത്യേകത. ഇന്ത്യൻ, പേർഷ്യൻ ശൈലികൾ സംയോജിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ക്ഷേത്രത്തിലെ വെള്ളപൂശിയ താഴികക്കുടം, പ്രതീകാത്മക രൂപങ്ങൾ, പ്രാർത്ഥനാ ഹാളുകൾ എന്നിവയെല്ലാം ഇന്ത്യയിലേതുപോലുള്ളതാണ്. എന്നാൽ, സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ കാണാത്ത, ഇസ്ലാം പള്ളികളിൽ കാണപ്പെടുന്ന രീതിയിലുള്ള താഴികക്കുടവും ഇവിടെയുണ്ട്. പുറത്ത് ഹിന്ദു രൂപങ്ങളുള്ള 72 ചെറിയ ഗോപുരങ്ങളുണ്ട്.

പവിഴക്കല്ല്, കളിമണ്ണ്, കുമ്മായം, മോർട്ടാർ തുടങ്ങിയ വസ്‌തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. മേൽക്കൂരയിലേക്ക് നയിക്കുന്ന ഒരു പടിക്കെട്ടുണ്ട്. ഇത് ഇറാനിയൻ വാസ്‌തുശാസ്‌ത്രത്തിന്റെ മികച്ച ഉദാഹരണമാണ്. ശ്രീകോവിലിലേക്ക് മുഴുവനും പ്രകാശം പരക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ ഘടന.

ഇപ്പോൾ ക്ഷേത്രത്തിൽ ആരാധനയോ പൂജകളോ നടത്താറില്ല. ഒരു ചരിത്ര സ്‌മാരകമായി ഇറാൻ ഇതിനെ സംരക്ഷിച്ചുപോരുന്നുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ സാക്ഷ്യമായാണ് അവരിതിനെ കാണുന്നത്.

A post shared by Amitabh Bachchan (@amitabhbachchan)


ഇറാനിലെ ഹിന്ദുക്കൾ

ഇറാനിൽ ഏകദേശം 90 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ 99.4 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. അവരിൽ 89.46 ശതമാനം ഷിയ മുസ്ലീങ്ങളും 9.94 ശതമാനം സുന്നി മുസ്ലീങ്ങളുമാണ്. ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സൊറോസ്‌ട്രിയക്കാർ തുടങ്ങിയ മറ്റ് മതങ്ങളിൽ നിന്നുള്ളവരും ഇറാനിൽ താമസിക്കുന്നുണ്ട്.

2010 ൽ ഏകദേശം 20,000 ഹിന്ദുക്കൾ ഇറാനിൽ താമസിച്ചിരുന്നു എന്നാണ് വിവരം. 2020ലും ഏകദേശം ഇതേ ജനസംഖ്യയായിരുന്നു. ഇറാനിലെ ഹിന്ദുക്കളിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ള വ്യാപാരികളാണ്. ഇറാനിലെ ഏക ക്ഷേത്രമല്ല വിഷ്‌ണു ക്ഷേത്രം. ബലൂചിസ്ഥാൻ പ്രവിശ്യകളുടെ തലസ്ഥാനമായ സഹെദാനിലും ഒരു ആര്യസമാജ ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXPLAINER, VISHNU TEMPLE, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360