
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ നിർണായകമാണ്. ഏറ്റവും പുതിയ പര്യടനങ്ങളിൽ യുഎഇയുമായുള്ള വൻകിട ഊർജ നിക്ഷേപ കരാറുകളും, യൂറോപ്യൻ രാജ്യങ്ങളുമായുള്ള സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷാ സഹകരണങ്ങൾ എന്നിവയും ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ശക്തമാക്കുന്നു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ തുടരുകയും ആഗോള ഊർജവിപണികൾ അനിശ്ചിതത്വത്തിലാവുകയും അസ്ഥിരതകൾ വ്യാപാര-നയതന്ത്രബന്ധങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ വിദേശസന്ദർശനം ഏറെ പ്രസക്തമാകുന്നത്.
യുഎഇ സന്ദർശനത്തിനിടെ ഒപ്പുവെച്ച രണ്ട് നിർണായക ധാരണാപത്രങ്ങൾ ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭൗമരാഷ്ട്രീയ തർക്കങ്ങൾ, കപ്പൽ ഗതാഗത തടസങ്ങൾ, ഉപരോധങ്ങൾ, വിലക്കയറ്റം എന്നിവ രാജ്യത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. യു.എസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടപ്പോൾ ഇന്ത്യ കടുത്ത ഊർജ പ്രതിസന്ധിയാണ് നേരിട്ടത്. എണ്ണവില ഉയരുന്നത് വിലക്കയറ്റത്തെയും ഗതാഗതച്ചെലവിനെയും വ്യവസായ വളർച്ചയെയും ധനകാര്യ സ്ഥിരതയെയും നേരിട്ട് ബാധിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കായി തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം നിർമിക്കുന്നതിനും ദീർഘകാല എൽപിജി, എൽഎൻജി വിതരണം ഉറപ്പാക്കുന്നതിനുമുള്ള പുതിയ കരാറുകൾ നിലവിൽ വരുന്നത്. ഊർജം, പ്രതിരോധം, ഇൻഫ്രാസ്ട്രക്ചർ, ഷിപ്പിംഗ്, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാന മേഖലകളിൽ ഒപ്പുവച്ച ഈ കരാറുകൾ ഇന്ത്യ-യുഎഇ തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ വേഗത നൽകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കൂടാതെ ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന യുഎഇയുടെ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കും.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഭൂമിശാസ്ത്രപരമായ അടുപ്പം കാരണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ നിന്ന് ഇന്ധനം ഇന്ത്യയിൽ എത്തിക്കാനാകും. അതിനാൽ യുഎഇ ഇന്ത്യയ്ക്കായി എണ്ണ സംഭരിക്കുന്നതും ഇന്ത്യയിൽ എണ്ണശേഖരം നിർമിക്കാൻ സഹായിക്കുന്നതും രാജ്യത്തിന് വലിയൊരു മുതൽക്കൂട്ടായിരിക്കും. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം ആശങ്കയിൽ കഴിയുന്ന ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മോദിയുടെ സന്ദർശനം സഹായകരമായി. യുഎഇയിലെയും യൂറോപ്പിലെയും ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനും ഇരുരാജ്യങ്ങളുമായുള്ള സാംസ്കാരിക-ജനകീയ ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ യാത്ര വലിയ പങ്കുവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |