
കൊൽക്കത്ത: ബംഗാളിലെ ഫാൾട്ട നിയമസഭാ മണ്ഡലത്തിൽ നാളെ റീപോളിംഗ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി.
തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ പാർട്ടിയെ പോലുമറിയിക്കാതെ മത്സരത്തിൽ നിന്ന് പിന്മാറി. തൃണമൂൽ വക്താവ് അരൂപ് ചക്രവർത്തിയാണ് വിവരം സ്ഥിരീകരിച്ചത്. 'ജഹാംഗീർ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചു. പാർട്ടി അറിവോടെയല്ല. തിരഞ്ഞെടുപ്പിനുശേഷം നൂറോളം തൃണമൂൽ പ്രവർത്തകരെയാണ് പൊലീസ് അകാരണമായി അറസ്റ്ര് ചെയ്‌തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ഇടപെടുന്നില്ല. തിരിച്ചടികളുണ്ടെങ്കിലും ഞങ്ങൾ തോറ്റുപിന്മാറില്ല" -അരൂപ് അറിയിച്ചു.
'ബി.ജെ.പി മുഖ്യമന്ത്രി
വികസനം കൊണ്ടുവരും"
എന്നാൽ മത്സരത്തിൽനിന്ന് പിന്മാറുന്നതായി ജഹാംഗീർ പ്രഖ്യാപിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫാൾട്ടയ്ക്കായി ബി.ജെ.പി സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചുവെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നുമാണ് ഇതിൽ പറയുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് തർക്കമുണ്ട്. 'ഫാൾട്ടയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുക, വികസനം കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം.നമ്മുടെ മുഖ്യമന്ത്രി ഫാൾട്ടയിലെ ജനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മത്സരത്തിൽനിന്ന് പിൻവാങ്ങുകയാണ്. ഫാൾട്ടയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നത് " -വീഡിയോയിൽ ജഹാംഗീർ പറയുന്നു. തുടർന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പോളിംഗ് ഏജന്റിനെ ലഭിക്കാത്തതിനാൽ അദ്ദേഹം ഓടിപ്പോയി എന്ന് പരിഹസിച്ചു.
ഏപ്രിൽ 29ന് ഫാൾട്ടയിൽ വോട്ടെടുപ്പിനിടെ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിംഗ് തീരുമാനിച്ചത്. മണ്ഡലത്തിന്റെ പരിധിയിലുള്ള 285 പോളിംഗ് സ്റ്റേഷനുകളിലെയും നടപടിക്രമങ്ങൾ റദ്ദാക്കി മേയ് 21ന് വോട്ടെടുപ്പും 24ന് വോട്ടെണ്ണലും നടത്താൻ തീരുമാനിക്കുകയായിരുന്നു.
'പുഷ്പ വീണു"
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അല്ലു അർജ്ജുൻ സിനിമയിലെ 'പുഷ്പ"യാണ് താനെന്ന് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു.
'അദ്ദേഹം സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്' എന്നായിരുന്നു ഉത്തർപ്രദേശിൽ നിന്നുള്ള പൊലീസ് നിരീക്ഷകൻ അജയ് പാൽ ശർമ്മയെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞിരുന്നത്. എന്നാൽ ഖാന്റെ പിന്മാറ്റത്തെ പരിഹസിച്ചുകൊണ്ട് സുവേന്ദു അധികാരി രംഗത്തെത്തി. പുഷ്പ മുട്ടുമടക്കില്ല എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ പുഷ്പ എവിടെയും ഇല്ലാത്ത അവസ്ഥയായി എന്ന് പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |