തൃശൂർ: ഒന്നിക്കണം മാനവികതയെന്ന പ്രമേയത്തിലൂന്നി സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അവസാന വട്ട ഒരുക്കത്തിലേക്ക് നഗരം. നാടകങ്ങളും സംഗീത പരിപാടികളും അനുബന്ധ പരിപാടികളുമായി ഏഴ് വേദികളാണ് സജീവമാകുക.
ചാരത്തിൽ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അർത്ഥമുള്ള കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് തീയേറ്ററാണ് ഇത്തവണത്തെ ശ്രദ്ധയാകർഷിച്ച വേദി. 13 വർഷത്തിന് ശേഷമാണ് കൂത്തമ്പലം ഇറ്റ്ഫോക്കിന് വേദിയാക്കുന്നത്. ഓഡിയോ വിഷ്വൽ പെർഫോമൻസിന് പ്രാധാന്യം നൽകുന്ന അസ്മാ അസായിസെയുടെ 'ഡോൺഡ് ബിലീവ് മി ഇഫ് ഐ ടോക്ക് ടു യു ഒഫ് വാർ ' എന്ന പലസ്തീൻ നാടകമാണ് കൂത്തമ്പലത്തിൽ അരങ്ങേറുക.
2010ൽ ഇറ്റാലിയൻ നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ലൂയിജി പിരാന്തല്ലോയുടെ 'സിക്സ് ക്യാരക്ടേഴ്സ് ഇൻ സെർച്ച് ഒഫ് ആൻ ഓതർ ' എന്ന നാടകം കൂത്തമ്പലത്തിന് പുറത്ത് അരങ്ങേറിയിരുന്നു. 2011ലാണ് കൂത്തമ്പലം അഗ്നിക്കിരയായത്. നവീകരണത്തിന് ശേഷമാണ് വീണ്ടും അരങ്ങേറ്റം. അന്തർദ്ദേശീയ നാടകോത്സവത്തിന് ചുക്കാൻ പിടിച്ച നടൻ മുരളിയുടെ പേരിലുള്ള ആക്ടർ മുരളി തിയറ്ററിൽ അന്തരിച്ച നാടക സംവിധായകൻ പീറ്റർ ബ്രൂക്കിനോടുള്ള ആദരസൂചകമായി, ഇന്ത്യയിൽ ആദ്യമായി ഷേക്സ്പിയറുടെ ടെംപസ്റ്റ് അരങ്ങേറും.
സംഗീത സാന്ദ്രമാക്കാൻ വിവിധ ബാൻഡുകൾ
തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തെ സംഗീത സാന്ദ്രമാക്കാൻ റോയ്സ്റ്റൺ ആബേൽ ചിട്ടപ്പെടുത്തിയ മംഗനിയാർ സെഡക്ഷനും. പവലിയൻ തിയേറ്ററിൽ ഫെബ്രുവരി 14ന് രാത്രി 8.45ന് മംഗനിയാർ സംഗീതം ആരാധകർക്ക് മുന്നിലെത്തും. ചുവന്ന നിറമുള്ള 36 ക്യുബിക്കിൾ 43 സംഗീതജ്ഞർ പവലിയൻ തിയേറ്ററിൽ മാന്ത്രിക സംഗീതനിശ തീർക്കും.
സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാർ സെഡക്ഷന്റെ പ്രത്യേകത. ഈ വർഷത്തെ ഇറ്റ്ഫോക്കിലെ മുഖ്യആകർഷണങ്ങളിൽ ഒന്നാണിത്. രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമർ, ജോധ്പൂർ ജില്ലകളിൽ താമസിച്ചു വരുന്ന മുസ്ലീം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാർ. 33 രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാൻഡ് കൂടിയാണിത്. 2006ൽ ഡൽഹിയിൽ നടന്ന ചലച്ചിത്രോത്സവത്തിലാണ് മാംഗനിയാർ ആദ്യമായി അവതരിപ്പിച്ചത്. ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന ദിനത്തെ മനോഹരമാക്കുന്നത് ഇന്ത്യൻ ഓഷ്യൻ ബാൻഡിന്റെ സംഗീത പരിപാടിയാണ്. 1990ൽ ന്യൂഡൽഹിയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ റോക്ക് ബാൻഡാണ് ഇന്ത്യൻ ഓഷ്യൻ. സൂഫി സംഗീതവും ഹിന്ദുസ്ഥാനിയും ഫോക്കും റോക്കും സമന്വയിപ്പിക്കുന്നതാണ് ഇന്ത്യൻ ഓഷ്യൻ സംഗീതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |