കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും കൂടിയാണെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് താൻ പരാതി നൽകിയതോടെ അത് പിൻവലിപ്പിക്കാൻ പലരെക്കൊണ്ടും സമ്മർദ്ദം ചെലുത്തുന്നതായും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇളയമകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആഗ്രഹമെന്നും അലക്സ് വി ചാണ്ടി പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് കാട്ടി അലക്സ് വി ചാണ്ടി ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. തുടർന്ന് പരാതിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ പങ്കുവച്ച് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇപ്പോഴും താൻ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നാണ് അലക്സ് വി ചാണ്ടി പറയുന്നത്.
അതിനിടെ ഉമ്മൻ ചാണ്ടിയെ മുൻകേന്ദ്ര മന്ത്രി എ കെ ആന്റണിയും യു ഡി എഫ് കൺവീനർ എം എം ഹസനും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിച്ചിരുന്നു. ഇരുവരും ഒന്നിച്ചാണ് എത്തിയത്.സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു ആന്റണി പറഞ്ഞത്. ഉമ്മൻ ചാണ്ടി ബംഗളൂരുവിൽ പോകുന്നതുകൊണ്ടാണ് കാണാൻ എത്തിയതെന്നാണ് എം എം ഹസൻ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |