SignIn
Kerala Kaumudi Online
Friday, 19 April 2024 4.35 PM IST

സഹകരണ ബാങ്കിന് മുന്നിൽ സം​ഘർഷം, ബി.ജെ.പി - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി

bjp
ഡി.വൈ.എഫ്.‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തക‌ർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

പന്തളം: സഹകരണ ബാങ്കിലെ പണയസ്വർണ്ണം ജീവനക്കാരൻ മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് പന്തളത്ത് ബി.ജെ.പി - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. പന്തളം സഹകരണ ബാങ്കിനെതിരായാണ് പ്രതിഷേധം ഉയർന്നത്. ബി.ജെ.പി പ്രവർത്തകർ ഞയറാഴ്ച രാത്രിയിൽ ബാങ്കിന്റെ മുന്നിൽ പന്തലുകെട്ടി സമരം ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ജീവനക്കാരെയും ഡയറക്ടർ ബോർഡ് മെമ്പർമാരെയും ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തുടർന്ന് പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി സമരക്കാരെ തടഞ്ഞു ജീവനക്കാരെ ബാങ്കിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 ഒാടെ ഡയറക്ടർ ബോർഡ് മെമ്പർ സുരേഷ് കുമാർ ബാങ്കിൽ എത്തിയപ്പോൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞത് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ എതിർപ്പിന് കാരണമായി. തുടർന്ന് ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ലാത്തിച്ചാർജ് ചെയ്ത് പിന്തിരിപ്പിച്ചെങ്കിലും വടികൊണ്ടും കസേരകൊണ്ടുള്ള അടിയേറ്റും ബി.ജെ.പി നഗരസഭ കൗൺസിലർമാർ അടക്കം 8 പേർക്ക് പരിക്കേറ്റു. പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റാനുള്ള ശ്രമം വീണ്ടും സംഘർഷത്തിന് കാരണമായി. ജീപ്പിന്റെ മുന്നിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. സമരപ്പന്തൽ പൊലീസ് നീക്കം ചെയ്തു. അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങിയ പ്രവർത്തകർ പൊലീസ് സ്റ്റേഷന്റെ പ്രധാന കവാടം ഉപരോധിച്ചത് വീണ്ടും വാക്കേറ്റത്തിനും ലാത്തിച്ചാർജിനും കാരണമായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, ജില്ലാ സെക്രട്ടറി ബിനുമോൻ, പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. എസ്.ഡി.പി.ഐ പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.

എട്ട് പേർ ആശുപത്രിയിൽ

പന്തളം: സംഘർഷത്തെ തുടർന്ന് ബി.ജെ.പി നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി.പ്രഭ, സൂര്യ.എസ് നായർ, സീന.കെ, സൗമ്യ സന്തോഷ്​, മഞ്ജുഷ സുമേഷ്, നേതാക്കന്മാരായ പ്രദീപ്​ കൊട്ടേത്ത്, ഹരികുമാർ കൊട്ടേത്ത്, ഗിരീഷ് കുമാർ.ജി എന്നിവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,


യു.ഡി.എഫ് പ്രതിഷേധം

പന്തളം: യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരം ആർ.എസ് പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നഗരസഭാ കൺവീനർ എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ആർ.രവി ,മുസ്ലീ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഷാജഹാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, ഡി.സി.സി സെക്രട്ടറിമാരായ ജി.രഘുനാഥ്, നരേന്ദ്രനാഥ്, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ജെ.അക്ബർ, പന്തളം മഹേഷ് , കെ.ആർ.വിജയകുമാർ, മഞ്ജു വിശ്വനാഥ് , പന്തളം വാഹിദ്, മനോജ്കുരമ്പാല , രത്‌നമണി സുരേന്ദ്രൻ മാത്യൂസ് ,ബിജു മങ്ങാരം, കാസിം, ബൈജു മുകിടയിൽ, സോളമൻ, ഷെരീഫ് ചേരിക്കൽ, കോശി കെ.മാത്യു, വി.എം.അലക്‌സാണ്ടർ, പി.പി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.