SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 AM IST

സിറിയയേയും തുർക്കിയേയും തകർത്ത് തരിപ്പണമാക്കി ഭൂകമ്പം, മരണം 3800 കവിഞ്ഞു, 15000ൽ അധികം പേർക്ക് പരിക്ക്

earth-quake

ഇസ്താംബുൾ : തെക്ക് -കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ മൂന്ന് ഭൂകമ്പത്തിൽ 3800 ലേറെ മനുഷ്യജീവനുകൾ പൊലിഞ്ഞു. മരണസംഖ്യ ഇനിയും ഉയരും. തുർക്കിയിലും സിറിയയിലുമായി 15000 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുഹ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തുടർ ചലനങ്ങളുടെ ഭീതിയിൽ തുറസായ സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുകയാണ് ജനങ്ങൾ. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.47ഓടെയായിരുന്നു (പ്രാദേശിക സമയം പുലർച്ചെ 4.17 ) റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം. ​ മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.

രണ്ടു മണിക്കൂറിനുള്ളിൽ 40ലേറെ തുടർ ചലനങ്ങളുണ്ടായി. ഇന്ത്യൻ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടർ സ്കെയിലിൽ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനൻ, സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയുടെ സിറിയൻ അതിർത്തി പ്രവിശ്യയായ ഗാസിയാൻടെപ്പിൽ ഗാസിയാൻടെപ്പിന് 66 കിലോമീറ്റർ വടക്ക് കഹ്റമൻമാരാസിലായിരുന്നു ഇത്. രണ്ടാമത്തെ ഭൂകമ്പം രക്ഷാപ്രവർത്തനം താറുമാറാക്കി.

കഹ്റമൻമാരാസ് പ്രവിശ്യയിലെ പസാർജിക് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. വടക്ക് - പടിഞ്ഞാറൻ സിറിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണിവിടം. ഭൗമോപരിതലത്തിൽ നിന്ന് 17.9 കിലോമീറ്റർ ആഴത്തിലായിരുന്നു ഉറവിടം. കഹ്റമൻമാരാസിലെ എൽബിസ്റ്റൻ ജില്ലയാണ് രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധ്യതയുള്ള മേഖലകളിലൊന്നാണ് തുർക്കി. 1999ൽ 17,000ലേറെ പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വിനാശകരമായ ഭൂചലനം തുർക്കിയിലുണ്ടാകുന്നത്.ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഗ്രീൻല‌ൻഡിലും പ്രകമ്പനം രേഖപ്പെടുത്തി.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തര സഹായം പ്രഖ്യാപിച്ചു.

തകർന്നടിഞ്ഞ് കെട്ടിടങ്ങൾ

നൂറുകണക്കിന് കെട്ടിടങ്ങൾ മിനിറ്റുകൾക്കുള്ളിൽ നിലംപൊത്തി. ഇവയ്ക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർ എത്രയെന്ന് വ്യക്തതയില്ല. തകർന്നടിഞ്ഞവയിൽ ഗാസിയാൻടെപ് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ഗാസിയാൻടെപ് കാസിലുമുണ്ട്. ഹിറ്റൈറ്റ്സ് സാമ്രാജ്യ നിർമ്മിതിയായ ഈ കോട്ടയ്ക്ക് 2,000ത്തിലേറെ വർഷം പഴക്കമുണ്ട്. ദിയാർബാകിറിക് നഗരത്തിൽ ഷോപ്പിംഗ് മാൾ തകർന്നു.

ഗാസിയാൻടെപ്, കഹ്റമൻമാരാസ്, ഹാതെയ്, ഒസ്മാനിയേ, അഡിയാമൻ, മലാത്യ, സാൻലിയൂർഫ, അദാന, ദിയാർബാകിർ, കിലിസ് എന്നീ തുർക്കിയിലെ 10 നഗരങ്ങളെ ഭൂകമ്പം ബാധിച്ചു. ഗാസിയാൻടെപിലാണ് ഏറ്റവും കൂടുതൽ മരണം.

രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സംഘവും

ന്യൂഡൽഹി: തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 100 പേർ വീതമുള്ള രണ്ട് സംഘങ്ങളെ ഇന്ത്യ അയയ്‌ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര ഡൽഹിയിൽ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.

കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്‌‌ക്വാഡും ഉണ്ടാകും. ഡോക്‌ടർമാർ പാരാമെഡിക്കൽ വിദഗ്ദ്ധർ, അവശ്യ മരുന്നുകൾ എന്നിവയും ഇന്ത്യ അയ്‌ക്കുന്നുണ്ട്.

ഭൂകമ്പത്തെ നേരിടാൻ സാദ്ധ്യമായ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, EARTHQUAKE, TURKEY, SYRIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.