ആലപ്പുഴ: പുന്നമടക്കായലിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ടിന്റെ അമിതവേഗം മറ്റ് ജലയാനങ്ങൾക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. തിങ്കളാഴ്ച്ച രാത്രി 7 മണിയോടെ ബോട്ടിന്റെ ഓളമടിച്ച് പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കൽക്കെട്ടിനോട് ചേർത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ് ബോട്ട് പലക തകർന്ന് കായലിൽ മുങ്ങി.
ശക്തമായ ഓളത്തിൽ തുടർച്ചയായി കൽക്കെട്ടിൽ ഇടിച്ചതോടെയാണ് പലക തകർന്നതെന്ന് ബോട്ടുടമ രാഹുൽ രമേഷ് പറഞ്ഞു. ബോട്ടിന്റെ പെയിന്റിംഗ് ജോലികൾക്ക് വേണ്ടിയാണ് തീരത്തോട് ചേർത്ത് കെട്ടിയിട്ടിരുന്നത്. വൈകിട്ട് ഏഴ് മണിയോടെ ഓളത്തിൽ കൽക്കെട്ടിലിടിച്ച ഹൗസ് ബോട്ടിൽ വെള്ളം കയറുന്നത് രാത്രി എട്ടരയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും ബോട്ട് വെള്ളത്തിൽ നിന്ന് ഉയർത്താൻ സാധിച്ചില്ല. പ്രത്യേക ഉപകരണങ്ങൾ എത്തിച്ച് ബോട്ട് പൊക്കി ഇന്ന് ഡോക്കിൽകയറ്റുമെന്ന് രാഹുൽ രമേഷ് പറഞ്ഞു. അപടകത്തിൽപ്പെട്ട ബോട്ടിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കായലിലെ കുതിപ്പ്
എക്സ്പ്രസ് ബോട്ട് സ്ഥിരമായി അമിതവേഗതയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഉൾനാടൻ ജലാശയത്തിൽ സഞ്ചരിക്കാൻ അനുവദിച്ചിട്ടുള്ള വേഗതയിലാണോ എക്സ്പ്രസ് സഞ്ചരിക്കുന്നതെന്ന് അധികൃതർ പരിശോധിക്കണമെന്ന് ഹൗസ് ബോട്ട് ഉടമകളും പ്രദേശവാസികളും ആവശ്യപ്പെട്ടു. ഇത് കൂടാതെ മറ്റ് സർവീസ് ബോട്ടുകളും ചെറിയ ബോട്ടുകളിലും വള്ളങ്ങളിലും ഇടിച്ചുള്ള അപകടങ്ങളും വർദ്ധിക്കുന്നുണ്ട്. റോഡിലെ തിരക്കിന് സമാനമായി ജല മാർഗത്തിലും ബോട്ടുകളുടെ അതിപ്രസരം വന്നതോടെയാണ് അപകടങ്ങൾ കൂടുന്നത്. എക്സ്പ്രസ് ബോട്ടിന്റെ അമിത വേഗതയ്ക്കെതിരെ ഒപ്പു ശേഖരണം നടത്തി ആലപ്പുഴ നോർത്ത് പൊലീസിലും ജലഗതാഗത വകുപ്പ് ഡയറക്ടർക്കും പരാതി നൽകാൻ തയാറെടുക്കുകയാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |