കോട്ടയം: ക്രിമിനൽ പൊലീസുകാരോട് അനുഭാവമില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ആവർത്തിക്കുമ്പോഴും, സർവീസിൽ നിന്ന് പിരിച്ചുവിട്ടവരുടെ വിവരം അദ്ദേഹത്തിന്റെ ഓഫീസ് പൂഴ്‌ത്തി. ജില്ലയിൽ പത്ത് വർഷത്തിനിടെ
സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട പൊലീസുകാരുടെ പേര് വിവരം നൽകാനാവില്ലെന്ന മറുപടിയാണ് അഡീഷണൽ എസ്.പി ഷാജു പോൾ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് നൽകിയത്.
നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകിയാൽ സ്വകാര്യത ലംഘിക്കപ്പെടുമെന്ന വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് ഷാജു പോൾ വിവരാവകാശ നിയമം അട്ടിമറിച്ചത്. 10 വർഷത്തിനിടെ 26 പൊലീസുകാരെയാണ് ജില്ലയിൽ പിരിച്ചുവിട്ടത്. എന്നാൽ ഇവരുടെ റാങ്കോ പേരോ ലഭ്യമല്ല. ക്രിമിനൽ പൊലീസുകാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ജില്ലയിൽ ജോലിചെയ്യുന്നവരുടെ വിവരം ശേഖരിക്കാൻ അപേക്ഷ നൽകിയത്.
ക്രിമനൽ കേസിലടക്കം പ്രതിയാകുമ്പോഴാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാറുള്ളത്. ജനസേവകനായ വ്യക്തിയെ പിരിച്ചു വിട്ടാൽ വിവരാവകാശം വഴി അതറിയാൻ അവകാശമുണ്ട്. ഈ നിയമം നിലനിൽകുമ്പോഴാണ് ഇല്ലാത്ത കാരണം ചൂണ്ടിക്കാട്ടി വിവരങ്ങൾ നിഷേധിക്കുന്നതെന്ന് നിയമ വിദഗ്ദ്ധരും പറയുന്നു.
ചോദിച്ചത് 10 വർഷത്തെ കണക്ക്
2012 ജനുവരി ഒന്നു മുതൽ കഴിഞ്ഞ ഡിസംബർ 31വരെ ജില്ലയിലെ പൊലീസിൽ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരുടെ പേരും തസ്തികയും കുറ്റവും അടക്കമുള്ള ചോദ്യങ്ങളാണ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചത്. എന്നാൽ 26 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന വിവരം നൽകിയെങ്കിലും ഏത് കുറ്റമെന്നോ, ഇവരുടെ പേരോ തസ്തികയോ നൽകാൻ ഷാജു പോൾ തയ്യാറായില്ല. നിയമത്തിലെ എട്ട് (1) ജെ പ്രകാരം സ്വകാര്യതയുടെ പരിധിയിൽ വരുമെന്ന തെറ്റായ കാരണമാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവിൽ വകുപ്പുതല നടപടിക്ക് വിധേയരായവരുടെ വിവരങ്ങളും മറച്ചുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |