SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.58 PM IST

യൂത്ത് കോൺഗ്രസ്-ബി ജെ പി കളക്ടറേറ്റ് മാർച്ച്; കൈയ്യാങ്കളിയും ജലപീരങ്കിയും, സ്തംഭിച്ച് നഗരം

congress

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരായ ബി.ജെ.പി, യൂത്ത് കോൺഗ്രസ് സമരങ്ങളിൽ സ്തംഭിച്ച് നഗരം. വയനാട് ദേശീയപാതയിലടക്കം ഗതാഗതം കുരുങ്ങിയത് മൂന്നുമണിക്കൂറോളം. ഒരുഭാഗത്ത് ബൈപ്പാസ് നവീകരണത്തിന്റെ ഭാഗമായ റോഡ് അടച്ചിടലും മറുഭാഗത്ത് സമരവും കൂടി ആയതോടെ ജനം റോഡുകളിൽ ഗതികെട്ട് കിടക്കുന്ന കാഴ്ച. ബാരിക്കേഡുകൾ തകർക്കാനുള്ള പ്രവർത്തകരുടെ ശ്രമങ്ങൾക്കിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പലരും വീണുപോയി. തുടർന്ന് ബാരിക്കേഡുകൾ ഉരുട്ടിയെടുത്ത് ദേശീയപാത ബ്ലോക്ക് ചെയ്തു. ഒപ്പം റോഡിന് നടുവിൽ കുത്തിയിരിപ്പ് സമരവും. അതോടെ ജനം പാടേ കുരുക്കിലാവുന്ന കാഴ്ച.

സമരക്കാരുടെ പ്രതിഷേധത്തെ പൊലീസ് വകവെയ്ക്കാതെ നിലയുറപ്പിച്ചപ്പോഴും വലഞ്ഞത് ജനം. അവസാനം പ്രവർത്തകരെ അറസ്റ്റ് ചെയ്താലേ ഗതാഗതം സുഗമമാവൂ എന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. രണ്ടുസമരക്കാരെയും അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു.
വയനാട് റോഡിൽ കളക്ടറേറ്റ് പരിസരമായിരുന്നു സമരമുഖം. ആദ്യമെത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പതിനൊന്നുമണിയോടെ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറെനേരം ബാരിക്കേഡുകൾ ഇളക്കി പ്രതിഷേധിച്ചപ്പോൾ മാത്രമാണ് പൊലീസ് ജലപീരങ്കി പ്രയോഗം നടത്തിയത്. ജലപീരങ്കി പ്രയോഗത്തിനിടെ കല്ലേറുണ്ടായപ്പോൾ പൊലീസ് ഒന്നടങ്കം സമരക്കാർക്കിടയിലേക്കിറങ്ങി. പിന്നെ ഉന്തും തള്ളും കോലാഹലവും. പൊലീസുകാർക്കും ചില പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് മുദ്രാവാക്യം വിളിയുമായി റോഡ് ഉപരോധം. ഒടുക്കം അവരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോഴേക്കും ബി.ജെ.പി പ്രവർത്തകർ മാർച്ചുമായെത്തി. വന്നയുടൻ പ്രവർത്തകർ ബാരിക്കേഡുകളിലേക്ക് നീങ്ങി. വീണ്ടും ജലപീരങ്കി പ്രയോഗം. കാൽമണിക്കൂർ ജലപീരങ്കി പ്രയോഗത്തിനുശേഷം പ്രവർത്തകർ അടങ്ങി. തുടർന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഉദ്ഘാടനപ്രസംഗം. പിരിപാടി കഴിഞ്ഞതോടെ വീണ്ടും പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി ബാരിക്കേഡുകളിലേക്ക്. വീണ്ടും ജലപീരങ്കി. അതുകൊണ്ടും ആവേശം അടങ്ങാത്ത പ്രവർത്തകർ റോഡിലേക്ക് നീങ്ങി. റോഡ് ഉപരോധം അരമണിക്കൂറോളം നീണ്ടപ്പോൾ മാത്രമാണ് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മൂന്നുമണിക്കൂറോളം നീണ്ട സമരപരിപാടികൾ വയനാട് ദേശീയപാതയെ മാത്രമല്ല എരഞ്ഞിപ്പാലം ബൈപ്പാസ്, കണ്ണൂർ റോഡ് തുടങ്ങിയവയെ എല്ലാം കുരുക്കിലാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. സമരം അക്രമാസക്തമായപ്പോൾ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനനൽ സെക്രട്ടറിമാരായ എം ധനീഷ്‌ലാൽ, വി.പി ദുൽഖിഫിൽ, ഒ.ശരണ്യ, ജില്ലാ ജനറൽ സെക്രട്ടറി ബവീഷ് ചേളന്നൂർ, വി ടി നിഹാൽ, ഇ.കെ ശീതൾ രാജ്, ഉഷേശ്വരി ശാസ്ത്രി, നസിം പെരുമണ്ണ,ശ്രീയേഷ് ചെലവൂർ,ജവഹർ പൂമംഗലം, എൻ ലബീബ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, വി പി ദുൽഖിഫിൽ, ടി.എം നിമേഷ്, അഭിജിത്ത് ഉണ്ണികുളം,വി ടി സൂരജ്, സനൂജ് കുരുവട്ടൂർ, അർജ്ജുൻ കറ്റയാട്ട്, ഫിലിപ്പ് ചോല, ഋഷികേശ് വി, ഷഹബാസ് പി എം, അബി വി എം എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ: ബി.ജെ.പി

കോഴിക്കോട്: സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 15,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരള സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെയെന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് കളക്ടറേറ്റിലേക്ക് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, മേഖലാ സെക്രട്ടറി എൻ.പി.രാമദാസ്, രാമദാസ് മണലേരി, ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.