ട്വന്റി-20 വനിതാ ലോകകപ്പ് ഇന്നുമുതൽ,
കന്നിക്കിരീടം തേടി ഇന്ത്യ
കേപ്ടൗൺ: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന ട്വന്റി-20 വനിതാ ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. കേപ്ടൗണിൽ ഇന്ന് രാത്രി 10.30 മുതൽ തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ ഏറ്രുമുട്ടും. ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. വനിതാ ക്രിക്കറ്റ് സ്വീകാര്യതയിൽ ഏറ്രവും മുന്നിൽ നിൽക്കുന്ന കാലഘട്ടത്തിലാണ് ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകുന്നത്. ആദ്യ വനിതാ ഐ.പി.എല്ലിനുള്ള താരലേലം 13ന് നിശ്ചയിച്ചിരിക്കെ മികച്ച പ്രകടനം നടത്തി ഫ്രാഞ്ചൈസികളുടെ ശ്രദ്ധനേടാനും താരങ്ങൾക്ക് അവസരമുണ്ട്. വനിതാ ഐ.പി.എൽ താരലേലത്തിന് മുമ്പ്
അയർലൻഡ് ഒഴികെയുള്ള ടീമുകളുടെ ആദ്യമത്സരം കഴിയും.കൊവിഡ് നിയന്ത്രണങ്ങൾക്ക് മുൻപ് 2020ൽ ഓസ്ട്രേലിയയിലാണ് ഇതിന് മുമ്പ് വനിതാ ട്വന്റി-20 ലോകകപ്പ് നടന്നത്. മെൽബൺ വേദിയായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ ഒരു ലക്ഷംപേരാണ് എത്തിയത്.
ഈ മാസം 26നാണ് ഇത്തവണത്തെ ഫൈനൽ.
പത്ത് ടീമുകൾ
പത്ത് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എ
ഓസ്ട്രേലിയ, ബംഗ്ലാദേശ്,ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക.
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, ഇന്ത്യ,അയർലൻഡ്,പാകിസ്ഥാൻ,വെസ്റ്റിൻഡീസ്.
പ്രതീക്ഷയോടെ ഇന്ത്യ
കന്നി ലോകകിരീടം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ കൈയകലെ നഷ്ടമായ ട്വന്റി-20 ലോകകിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാനാണ് ഹർമ്മൻപ്രീതും സംഘവും പാഡ് കെട്ടുന്നത്. അണ്ടർ 19 ട്വന്റി-20 ലോക കിരീടം കഴിഞ്ഞ ദിവസം ഷഫാലി വർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് നേടാനായത് സീനിയേഴ്സിനും പ്രചോദനമാണ്.
ഇന്ത്യൻ ടീം: ഹർമ്മൻ, സ്‌മൃതി,അഞ്ജലി,യസ്തിക,ഹർലീൻ, രാജേശ്വരി, റിച്ച,ശിഖ, രേണുക,ജമൈമ, ഷഫആലി, ദീപ്തി,ദേവിക, പൂജ, രാധ.
8- വനിതാ ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഇത്തവണത്തേത്.
5- തവണ ലോകകിരീടം നേടിയ ആസ്ട്രേലിയയാണ് ഫേവറിറ്രുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |