കണ്ണൂർ: വിഭാഗീയ പ്രവർത്തനങ്ങൾ തടയുന്നതിന്റെ മുന്നോടിയായി ഇന്ന് നടക്കുന്ന മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ സമവായത്തിലെത്താൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ സജീവമായി ഇടപെട്ടേക്കുമെന്ന് സൂചന. മത്സരമുണ്ടാകുന്നത് സംഘടനയുടെ ഐക്യത്തിന് ഗുണകരമല്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്.
സംഘടനാ പ്രവർത്തനത്തിൽ പ്രായാധിക്യം കാരണം ഇപ്പോൾ അത്ര സജീവമല്ലാത്ത പി. കുഞ്ഞിമുഹമ്മദ് ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇക്കുറി മാറുമെന്നുറപ്പാണ്. ഇതോടെ നിലവിലെ ജില്ല ജനറൽ സെക്രട്ടറിയായ അഡ്വ. അബ്ദുൽ കരീം ചേലേരി പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നാണ് സൂചന. ഇരുവരും ജില്ല ഭാരവാഹികളായ കമ്മിറ്റി 2017ലാണ് നിലവിൽ വന്നത്. ജില്ല കമ്മിറ്റിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് രൂക്ഷമായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ഈ കമ്മിറ്റി ചുമതലയേറ്റത്. തിരഞ്ഞെടുപ്പിൽ മത്സരം നടന്നില്ലെങ്കിൽ ചേലേരി തന്നെയായിരിക്കും അടുത്ത പ്രസിഡന്റ്.
എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മത്സരം ഒഴിവാക്കി ജില്ല ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നാണ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. ഇതിനുള്ള അണിയറ ചർച്ചയും സജീവമാണ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിലൂടെ അബ്ദുൽ കരീം ചേലേരിക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻതൂക്കം. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയും ചേലേരിക്കാണ്. എന്നാൽ, കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ പിന്തുണ എസ്. മുഹമ്മദിനുമുണ്ട്.
ചേലേരി പ്രസിഡന്റാകുന്ന മുറക്ക് അഡ്വ. കെ.എ. ലത്തീഫ് ജനറൽ സെക്രട്ടറിയാകാനാണ് സാദ്ധ്യത. ലീഗ് ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ കെ.പി. താഹിർ ജില്ല കൗൺസിലിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പൂർണ പിന്തുണയുള്ളതിനാൽ താഹിറും ജില്ല കമ്മിറ്റി ഭാരവാഹി പട്ടികയിൽ ഇടം നേടിയേക്കും. നിലവിലെ സെക്രട്ടറിയായ അൻസാരി തില്ലങ്കേരി ജില്ല ട്രഷററും ആയേക്കും. എന്നാൽ, പാർട്ടിയിൽ യാതൊരു ഭിന്നാഭിപ്രയവുമില്ലെന്നും ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നുമാണ് ജില്ല കമ്മിറ്റിയുടെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |