ന്യൂഡൽഹി: മോദി-അദാനി ബന്ധത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്‌തതും പാർട്ടി എം.പി രജനി പാട്ടീലിനെ സസ്‌പെൻഡ് ചെയ്‌തതും ചോദ്യം ചെയ്‌തുള്ള പ്രതിഷേധത്തിൽ രാജ്യസഭ സ്‌തംഭിച്ചു. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന്റെ അവസാന ദിനം ബഹളത്തോടെ അവസാനിച്ചു. ബഹളത്തെത്തുടർന്ന് രാജ്യസഭ ഉച്ചയ്‌ക്കു മുമ്പേ പിരിഞ്ഞപ്പോൾ ലോക്‌സഭ മുഴുദിനം പ്രവർത്തിച്ചു. ഇരുസഭകളും മാർച്ച് 12ന് വീണ്ടും ചേരും.
രാജ്യസഭയിൽ സർക്കാരിനെ സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്ന അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറും പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടായി.
തന്റെ പരാമർശങ്ങൾ നീക്കിയതും നിയമസഭാ നടപടികളുടെ വീഡിയോ പ്രചരിപ്പിച്ചതിന് സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിൽ നിന്ന് രജനി പാട്ടീലിനെ സസ്‌പെൻഡ് ചെയ്തതും കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചിരുന്നു.
താൻ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം നിരവധി തവണ ഖാർഗെ ഉയർത്തിയെന്ന് ധൻകർ പറഞ്ഞു. ഇവയെല്ലാം സഭാരേഖയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതാണ്. ബോധപൂർവം തടസം സൃഷ്‌ടിച്ച് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അവകാശം ഖാർഗെ നഷ്ടപ്പെടുത്തുകയാണ്. സഭയുടെ നടത്തിപ്പിനുള്ള മാർഗം ഇതല്ല. ഒരുപാട് സമയം പാഴാക്കി. ഇങ്ങനെ സഭ തടസപ്പെടുകയാണെങ്കിൽ, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസൃതമായി പ്രവർത്തിക്കാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അദ്ധ്യക്ഷൻ സമ്മർദ്ദത്തിലാണെന്ന ഖാർഗെയുടെ ഇന്നലത്തെ പരാമർശവും രേഖയിൽ നിന്ന് നീക്കം ചെയ്തു.
രാവിലെ 11ന് അദാനി വിഷയത്തിൽ സഭ നിറുത്തിവച്ച് ചർച്ച നടത്തണമെന്ന അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ കോൺഗ്രസ്, ആംആദ്‌മി എം.പിമാർക്ക് അദ്ധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബഹളത്തെ തുടർന്ന് 11.50വരെ പിരിഞ്ഞ സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ മാർച്ച് 12വരെ സഭ പിരിയുകയാണെന്ന് ധൻകർ അറിയിച്ചു.
പാർലമെന്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ 14 പ്രതിപക്ഷ പാർട്ടി നേതാക്കൾ രാവിലെ ഖാർഗെയുടെ ചേംബറിൽ യോഗം ചേർന്നിരുന്നു.പാർലമെന്റ് ചർച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും
പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനുള്ള വേദിയായി പാർലമെന്റിനെ ഉപയോഗിക്കരുതെന്നും
യോഗത്തിന് ശേഷം ഖാർഗെ പറഞ്ഞു.
അദ്ധ്യക്ഷനു നേരെ കൈചൂണ്ടി ജയ
സമാജ്‌വാദി പാർട്ടി എം.പിയും ആദ്യകാല നടിയുമായ ജയ ബച്ചൻ രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻങ്കറിനു നേരെ ദേഷ്യത്തോടെ വിരൽ ചൂണ്ടിയത് അച്ചടക്ക ലംഘനമാണെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. കോൺഗ്രസ് എംപി രജനി പാട്ടീലിനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു അദ്ധ്യക്ഷനു നേരെയുള്ള രോക്ഷ പ്രകടനം. എം.പിയുടെ പെരുമാറ്റം ലജ്ജാകരമാണെന്ന് ബി.ജെ.പി എം.പിമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |