കോട്ടയം . അഞ്ഞൂറിലേറെ അപേക്ഷകർ നിത്യേന എത്തിയിരുന്ന കോട്ടയത്തെ പാസ്‌പോർട്ട് സേവനകേന്ദ്രം ബലക്ഷയമെന്ന പേരിൽ പൊടുന്നനെ അടച്ചുപൂട്ടിയതിൽ ദുരൂഹത. ഇതിനെതിരെ ജനകീയ പ്രതിഷേധവും ശക്തമായി. പുതിയ വാണിജ്യ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാസ്‌പോർട്ട് ഓഫീസ് നിറുത്തലാക്കുന്നതെന്ന പ്രചാരണം ശക്തമാണ്.
അതേ സമയം പത്തുവർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും ഓഫീസ് നിറുത്തലാക്കുന്ന വിവരം ആരും അറിയിച്ചിട്ടില്ലെന്നുമാണ് കെട്ടിട ഉടമ സ്റ്റീഫൻ പറയുന്നത്. കെട്ടിടത്തിന് കുലുക്കമുണ്ടായി എന്നാണ് പ്രചാരണം. ഇതു സംബന്ധിച്ച് കേന്ദ്ര അധികൃതരെ അറിയിച്ചതോടെ പ്രവർത്തനം നിറുത്താൻ നിർദ്ദേശിച്ച് റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ഉത്തരവും ഇറക്കി. ബലക്ഷയം സംബന്ധിച്ച് വിദഗ്ദ്ധ ഏജൻസികളുടെ പരിശോധന പോലും ഇല്ലാതെ തിടുക്കപ്പെട്ട് എടുത്ത നടപടി കോട്ടയം ഓഫീസ് കേന്ദ്രം നിറുത്തലാക്കുന്നതിന്റെ ഭാഗമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
കോട്ടയം ,ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നൂറ് കണക്കിന് ആളുകൾ ആശ്രയിച്ചിരുന്ന പാസ്‌പോർട്ട് ഓഫീസ് നിറുത്തലാക്കാനുള്ള നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. കെട്ടിടം ബലക്ഷയമായതിനാൽ ഓഫീസ് നിറുത്തുന്നുവെന്ന വിശദീകരണം തൃപ്തികരമല്ല. 10 വർഷം പഴക്കമുള്ള കെട്ടിടം ബലക്ഷയമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ഇന്നലെ സി പി എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ പ്രകടനവും നടന്നു. അതേസമയം എം പിയുടെ പിടിപ്പുകേടാണ് അടച്ചുപൂട്ടാൻ ഇടയാക്കിയതെന്ന ആരോപണവുമായി യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തി.
തോമസ് ചാഴികാടൻ എം പി പറയുന്നു.
പാസ്‌പോർട്ട് ഓഫീസ് കോട്ടയത്ത് നിലനിറുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും. അധികൃതരുടെ നിലപാട് ദുരൂഹമാണ്. വിശദീകരണം തൃപ്തികരമല്ല. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറയുന്നു.
ഒരു സുപ്രഭാതത്തിൽ ഓഫീസ് പൂട്ടിപ്പോയത് ശരിയായ നടപടിയല്ല. നിലവിലെ കെട്ടിടം ബലക്ഷയമെങ്കിൽ പകരം കെട്ടിടം എടുത്ത് കൊടുക്കാം. ഓഫീസ് നിറുത്തിയത് അംഗീകരിക്കില്ല. ശക്തമായ ജനകീയ സമരം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |