ലോസ്‌ആഞ്ചലസ് : പ്രശസ്ത ഹോളിവുഡ് നടി റക്വെൽ വെൽച് ( 82 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച ലോസ്ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 1960കളിലും 70കളിലും പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ റക്വെൽ 1966ൽ പുറത്തിറങ്ങിയ ഫന്റാസ്റ്റിക് വോയേജ്, വൺ മില്യൺ ഇയേഴ്സ് ബി.സി എന്നീ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടി.
ദ ത്രീ മസ്കിറ്റിയേഴ്സിലെ ( 1974 ) അഭിനയത്തിന് മ്യൂസിക്കൽ / കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. 50ലേറെ വർഷം നീണ്ട അഭിനയ ജീവിതത്തിനിടെ 30ലേറെ സിനിമകളിലും 50ലേറെ ടെലിവിഷൻ സീരീസുകളിലും ഷോകളിലും പ്രത്യക്ഷപ്പെട്ടു.
അമേരിക്കൻ നിർമ്മാതാവ് പാട്രിക് കർട്ടിസിനെ അടക്കം നാല് പേരെ റക്വെൽ വിവാഹം ചെയ്തിരുന്നു. നടിയും മോഡലുമായ ടാനീ വെൽച്, ഡേമൻ വെൽച് എന്നിവരാണ് മക്കൾ.
1940 സെപ്തംബർ 5ന് ഷിക്കാഗോയിലെ ഇലിനോയിയിലാണ് റക്വെലിന്റെ ജനനം. പിതാവ് ബൊളീവിയൻ വംശജനായിരുന്നു. 14-ാം വയസുമുതൽ സൗന്ദര്യ മത്സര വേദികളിൽ സജീവമായിരുന്ന റക്വെൽ നിരവധി ബ്യൂട്ടി ടൈറ്റിലുകൾ സ്വന്തമാക്കിയിരുന്നു.
റോക്ക് ആൻഡ് റോൾ ചക്രവർത്തി എൽവിസ് പ്രിസ്‌ലിയുടെ റസ്റ്റബൗട്ട് (1964) എന്ന ചിത്രത്തിൽ റക്വെൽ ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. സയൻസ് ഫിക്‌ഷൻ ചിത്രമായ ഫന്റാസ്റ്റിക് വോയേജ് ആണ് റക്വെലിന്റെ കരിയറിൽ വഴിത്തിരിവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |