ആളൂർ: നിർദ്ധനന്റെ നിലവിളി ഉയരുന്ന ധർമ്മാശുപത്രികൾ സർക്കാർ കാണാതെ പോകരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ജില്ലാതല നേതൃയോഗം ആളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ കൂട്ടിരിപ്പുകാരനായെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവവും ഗൗരവമുള്ളതാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. മനുഷ്യത്വ രഹിതമായി പെരുമാറിയ ജീവനക്കാരുടെ നടപടി നീതീകരിക്കാവുന്നതല്ല. മറ്റുള്ളവരുടെ ദുരിതങ്ങൾ കാണാതെ ക്രിമിനലുകളെപ്പോലെ പെരുമാറുന്ന ജീവനക്കാർ ഖ്യാതി നേടിയ ഈ സേവന മേഖലയുടെ ബാദ്ധ്യതയും നാണക്കേടുമാണ്. പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സഹായത്തോടെ വിഹരിക്കുന്ന മാഫിയ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കാത്തപക്ഷം സർക്കാർ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റംഗം പി.സി.രഘു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.എ.അജയഘോഷ്, പി.എൻ.സുരൻ, ടി.വി.ശശി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |