@ പഞ്ചായത്തിൽ 3754 കണക്ഷൻ നൽകി
@ ഹർഘർ ജൽ പ്രഖ്യാപിക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത്
പേരാമ്പ്ര: തുറയൂർ പഞ്ചായത്തിൽ ഇനി വെള്ളം മുട്ടില്ല. മുഴുവൻ വീടുകൾക്കും അങ്കണവാടികൾക്കും സ്കൂളുകൾക്കും കുടിവെള്ള കണക്ഷൻ നൽകി 'ജൽ ജീവൻ മിഷൻ ' യാഥാർത്ഥ്യമായി. പദ്ധതി പ്രകാരം 3754 കണക്ഷനുകളാണ് നൽകിയത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15.12 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. 7.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. പെരുവണ്ണാമൂഴിയിൽ നിന്നാണ് വിതരണത്തിനാവശ്യമായ ശുദ്ധജലമെത്തുക. 'ജൽ ജീവൻ മിഷൻ ' പൂർത്തിയായതോടെ ' ഹർഘർ ജൽ പ്രഖ്യാപിക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി ഇനി തുറയൂർ പഞ്ചായത്തിന് സ്വന്തം.
ജലസേചന വകുപ്പിനെ കർഷക സൗഹൃദ
വകുപ്പാക്കി മാറ്റും: മന്ത്രി റോഷി അഗസ്റ്റിൻ
പേരാമ്പ്ര: ജലസേചന വകുപ്പിനെ കർഷക സൗഹൃദ വകുപ്പാക്കി മാറ്റുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . ജൽ ജീവൻ മിഷൻ പ്രകാരം തുറയൂർ പഞ്ചായത്തിൽ നടപ്പാക്കിയ സമ്പൂണ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി. നാണ്യവിളകൾക്ക് കൂടി വെള്ളം കൊടുക്കാനുള്ള ശ്രമമാണ് ആലോചിക്കുന്നത്. ശാസ്ത്രീയ കൃഷി രീതി അവലംബിച്ചാൽ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനാകും. ജൽ ജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പയ്യോളി അങ്ങാടിയിൽ നടന്ന ചടങ്ങിൽ ടി.പി രാമകൃഷ്ണൻഎം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായി. കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ ഡോ. പി. ഗിരീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ദിപിന , കെ.കെ. സബിൻ രാജ്, ജില്ലാ പഞ്ചായത്തംഗം ദുൽഖിഫിൽ, മേലടി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. ബാലൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.എ നാഷാദ് , എ.കെ. കുട്ടികൃഷ്ണൻ, കെ. കൃഷ്ണകുമാർ ഐ.എസ്.എ കോ ഓർഡിനേറ്റർ ടി.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |