കുറ്റ്യാടി: ഉപയോഗ ശേഷം വലിച്ചെറിയുന്ന ചിരട്ടയിൽ നിന്നും കാശുണ്ടാക്കാം.
കേരളത്തിന്റെ തനത് വിളയായ തേങ്ങയ്ക്ക് മാർക്കറ്റിൽ സ്ഥിരമായ വിലനിലനിൽക്കാതിരിക്കുമ്പോൾ ചിരട്ടയ്ക്ക് വലിയ സാദ്ധ്യതകളാണ് മിഴിതുറക്കുന്നത്. ചിരട്ടയിൽ നിന്ന് കരകൗശല വസ്തുക്കൾക്കും മറ്റ് ഉപകരണങ്ങൾക്കും ഇന്ത്യയ്ക്ക് അകത്തും പുറത്തും ആവശ്യക്കാർ ഏറെയാണ്. പ്ലാസ്റ്റിക്ക് ഉപകരണങ്ങൾക്ക് പകരം ചിരട്ട കൊണ്ടുള്ള ഉപകരണങ്ങൾ ധാരാളം ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ഭരണകൂടങ്ങൾ ചിരട്ടയെ എങ്ങിനെ ജനങ്ങളിലേക്ക് എത്തിക്കാം എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. കുറ്റ്യാടി, നാദാപുരം മേഖലകളിൽ നിന്ന് പ്രതിദിനം ആയിരക്കണക്കിന്ന് ചിരട്ടകളാണ് പല ദേശങ്ങളിലേക്കും കയറ്റി പോകുന്നത്. ചിരട്ടയിൽ നിന്നും ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം. നിലവിലെ സാഹചര്യം അനുസരിച്ച് തേങ്ങ വിലയെ മറികടന്നിരിക്കുകയാണ് ചിരട്ട.
ചിരട്ട ആളൊരു സംഭവമാണ്
മൊത്ത വിപണിയിൽ ഒരു കിലോ തേങ്ങയ്ക്ക് 33 രൂപവരെയാണ് വില. റീട്ടെയിൽ വില കിലോയ്ക്ക് 40 രൂപയ്ക്കു മുകളിൽ .എന്നാൽ ആമസോൺ അടക്കമുള്ള ഓൺലൈൻ പോർട്ടലുകളിൽ ഒരു കിലോ ചിരട്ടയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് വില. ചാർക്കോൾ നിർമ്മാണം മറ്റ് വില കൂടിയ വസ്തുക്കൾ നിർമ്മിക്കാനും ചിരട്ട വലിയതോതിൽ ഉപയോഗിക്കുന്നത്. ഹോട്ടലുകൾ, ബേക്കറികളിലേയും പ്രധാന ഇന്ധനം ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 12- 15 രൂപവരെ വില കിട്ടുമെന്നാണ് പറയുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട് വിപണികളിലേക്കാണ് കൂടുതലും ചിരട്ടകയറ്റി പോകുന്നത്. ചിരട്ട ശേഖരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുള്ള നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ചിരട്ടക്കരി നിർമാണത്തിനാണ് തമിഴ്‌നാട് കേരളത്തിലെ ചിരട്ടകൾ വാങ്ങുന്നത്.ചിരട്ടക്കരിയിൽ നിന്നും കാർബൺ ഉൽപാദിപ്പിക്കുന്നു. ആണവ വികിരണത്തെ പ്രതിരോധിക്കാൻ ഈ കാർബണിന് ശേഷിയുണ്ടെന്ന തിരിച്ചറിവാണ് ഡിമാന്റ് വില കൂടാനും കാരണം. വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാനും, സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിനും ചിരട്ടപ്പൊടി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും ഇന്ന് ചിരട്ടയ്ക്ക് ആവശ്യക്കാർ വർധിച്ചുവരികയാണ്. ആചാരപ്രകാരം മൃതശരീരങ്ങളുടെ സംസ്‌കാരത്തിന് ഇന്നും ചിരട്ടകൾ ഉപയോഗിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ ചിരട്ടകൾ കൊണ്ടുള്ള അനന്തമായ ഉപയോഗം മനസിലാക്കി സർക്കാർ സഹായത്തോടെ പുതിയ സംരംഭങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |