ചൂണ്ടിയിലും പറവൂരും ഉയർന്ന താപനില
കൊച്ചി: വേനലെത്തും മുമ്പേ ജില്ല ചുട്ടുപൊള്ളുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തേയ്ക്കൊന്ന് ഇറങ്ങിയാൽ വിയർത്തുകുളിക്കുമെന്ന അവസ്ഥയായി. സൂര്യതാപമേൽക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ സർക്കാർ മുന്നറിയിപ്പ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം വർദ്ധിച്ചേയ്ക്കും. ജില്ലയിൽ രാത്രി അനുഭവപ്പെട്ടിരുന്ന തണുപ്പിനും കുറവു വന്നിട്ടുണ്ട്.
സംസ്ഥാനമാകെയുള്ള ഈ പ്രതിഭാസം കേരളത്തെ അത്യുഷ്ണത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 40.2 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. കാറ്റിന്റെ വേഗം കുറയുന്നത് ചൂടുകൂടാൻ മറ്റൊരു കാരണമാണ്. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്രത വർദ്ധിക്കുന്നത് ചൂടിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നുണ്ട്.
സൂര്യാഘാതം, നിർജലീകരണം, സൂര്യാതാപം എന്നിവ മുൻനിർത്തി പുറത്തുജോലി ചെയ്യുന്നവരുടെ തൊഴിൽ സമയങ്ങളിലടക്കം ക്രമീകരണങ്ങൾ വരുത്തണമെന്നാണ് നിർദ്ദേശം.
വേനൽമഴ കുറഞ്ഞേയ്ക്കും
മാർച്ച് പകുതിയോടെ വേനൽമഴ എത്തുകയാണെങ്കിൽ കാലവർഷവും തുലാവർഷവും പോലെ വേനൽമഴയുടെ ലഭ്യതയും കുറവായിരിക്കും. സാധാരണ ഗതിയിൽ പത്ത് സെന്റീമീറ്റർ വരെ ലഭിക്കുന്ന വേനൽ മഴ ചൂടിന് അൽപ്പം ശമനം ലഭിക്കുമെന്നതൊഴിച്ചാൽ ജലക്ഷാമത്തിന് പരിഹാരമാകില്ല. സംസ്ഥാനത്തെ അണക്കെട്ടുകളും മറ്റ് ജലസ്രോതസുകളും വരൾച്ചയുടെ പിടിയിലമർന്നാൽ ശുദ്ധജലക്ഷാമവും രൂക്ഷമാകും. ജലവൈദ്യുത പദ്ധതികളെയും ഇത് ബാധിക്കുന്നതിനാൽ വൈദ്യുതക്ഷാമമുണ്ടാകാം.
ചൂടായി ചൂണ്ടി
ജില്ലയിൽ ഏറ്റവും ഉയർന്ന താപനില ആലുവ ചൂണ്ടിയിലാണ്. വെള്ളിയാഴ്ചത്തെ കാലാവാസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 37.8 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. വ്യാഴാഴ്ചയും ഇതേ താപനിലയായിരുന്നെങ്കിലും ബുധനാഴ്ച 38.9 ഡിഗ്രി സെൽഷ്യസായിരുന്നു. ജില്ലയിൽ വടക്കൻ പറവൂർ (36.6, ഓടക്കാലി (36.5), ആലുവ (36.3), കളമശേരി (36.2), മട്ടാഞ്ചേരി (33.8), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (31.6) എന്നിവിടങ്ങളിലാണ് കൂടിയ താപനിലയുള്ളത്.
വേനലിന് മുന്നേ ചൂടുകൂടിവരികയാണ്. വരും ദിവസങ്ങളിലും ഇതേ നിലതുടരും. ഇടയ്ക്ക് വേനൽമഴ ലഭിക്കുമെങ്കിലും ചൂടിന്റെ കാഠിന്യം കുറച്ചേയ്ക്കില്ല.
രാജീവൻ എരിക്കുളം
കാലാവസ്ഥാ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |