റായ്‌പൂർ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വീഴ്ത്താൻ മൂന്നാം മുന്നണിക്കു പകരം കോൺഗ്രസ് നേതൃത്വം നൽകുന്ന ശക്തമായ പ്രതിപക്ഷമാണ് വേണ്ടതെന്ന് റായ് പൂർ പ്ളീനറി സമ്മേളനം ആഹ്വാനംചെയ്തു. സമാന ചിന്താഗതിക്കാരായ മതേതര കക്ഷികളെ അണിനിരത്താനുള്ള ദൗത്യം കോൺഗ്രസ് ഏറ്റെടുക്കണമെന്ന് സമ്മേളനം പാസാക്കിയ രാഷ്‌ട്രീയ പ്രമേയത്തിൽ വ്യക്തമാക്കി.
മൂന്നാം മുന്നണിയുടെ ആവിർഭാവം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കും. മമതയുടെ തൃണമൂൽ, ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസ്, കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടി എന്നിവ മൂന്നാം മുന്നണിക്കായി നടത്തുന്ന ശ്രമങ്ങളെ തള്ളുകയാണ് കോൺഗ്രസ്.
മതേതര, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിലൂടെയാണ് പ്രതിപക്ഷം ശക്തിപ്പെടേണ്ടത്. മതേതര ശക്തികളെ അണിനിരത്താനുള്ള ദൗത്യം കോൺഗ്രസ് ഏറ്റെടുക്കണം. ത്രിപുരയിലും പശ‌്ചിമബംഗാളിലും സി.പി.എമ്മുമായി ചേർന്ന് ബി.ജെ.പിക്കും തൃണമൂലിനുമെതിരെ നടത്തുന്ന പോരാട്ടത്തിന് സമാനമായ ഐക്യമാണ് വേണ്ടത്. എൻ.ഡി.എയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിനേ കഴിയൂ. ഉത്തരവാദിത്വവും പ്രതികരണശേഷിയുമുള്ള പ്രതിപക്ഷമായി കോൺഗ്രസ് പ്രവർത്തിക്കണം. പ്രാദേശിക വിഷയങ്ങളിൽ പ്രചാരണം നടത്തണം.
ഇക്കൊല്ലം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പും ഇന്ത്യയുടെ ഭാവിക്ക് നിർണായകമാണ് കേന്ദ്രത്തിൽ അധികാരം തിരിച്ചുപിടിച്ച് കോൺഗ്രസ് പുതിയ രാഷ്‌ട്രീയ ലക്ഷ്യം നിർവചിക്കണം.
2024ൽ തങ്ങൾക്ക് എതിരാളികളില്ലെന്ന ബി.ജെ.പിയുടെ പ്രസ്‌താവന വെല്ലുവിളിയായി ഏറ്റെടുക്കണം. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുള്ള വിവിധ നിർദ്ദേശങ്ങളും പ്രമേയത്തിലുണ്ട്.
അതേസമയം ജെ.ഡി.യു നേതാവ് നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നടത്തുന്ന നീക്കങ്ങളെ പ്രമേയം പാടെ എതിർക്കുന്നില്ല.
നേതൃസ്ഥാനത്ത്
യുവാക്കൾ
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ജനസമ്പർക്ക പരിപാടികൾ തുടരും
2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിഷൻ ഡോക്യുമെന്റ് തയ്യാറാക്കും
യുവാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും
ഉദയ്‌പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും
കാശ്മീർ പദവി പുനഃസ്ഥാപിക്കും
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച് ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ കൊണ്ടുവരും
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക കാറ്റഗറി പദവി പുനഃസ്ഥാപിക്കും
വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കും. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നിയമം. പൊലീസിൽ 33 ശതമാനം വനിതാ സംവരണം
പ്രതിപക്ഷ എം.എൽ.എമാരെ ബി.ജെ.പി വശത്താക്കി സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ കൂറുമാറ്റം തടയാൻ ഭരണഘടനാ ഭേദഗതി
ബി.ജെ.പി തിരഞ്ഞെടുപ്പ് ബോണ്ടുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ പാർട്ടികൾക്കായി ദേശീയ തിരഞ്ഞെടുപ്പ് ഫണ്ട്
അന്തർ സംസ്ഥാന ജല തർക്കങ്ങൾ പരിഹരിക്കാൻ ദക്ഷിണാഫ്രിക്കൻ മാതൃകയിൽ സ്ഥിരം കമ്മിഷൻ രൂപീകരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |