തിരുവനന്തപുരം: ' വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം' -കണ്ണടച്ച് കൈകൂപ്പി ജ്യോതികല വഞ്ചീശമംഗളം ആലപിക്കുമ്പോൾ ഒരുകാലത്ത് തിരുവിതാംകൂറിന്റെ ദേശീയ ഗാനമായിരുന്ന പാട്ട് ചെന്നൈയിൽ നിന്നെത്തിയ ഒരു പെൺകുട്ടിയാണ് പാടുന്നതെന്ന് സദസിലിരുന്നവർക്ക് പോലും മനസിലായിരുന്നില്ല.
മലയാളികൾ, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാർ തന്നെ മറന്നുപോയ വഞ്ചീശമംഗളം ഭിന്നശേഷി കുട്ടികളുടെ ദേശീയ കലോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ ഈശ്വരപ്രാർത്ഥനയായാണ് ജ്യോതികല ആലപിച്ചത്. 1947 വരെ തിരുവിതാംകൂറിന്റെ ദേശീയഗാനമായിരുന്നു വഞ്ചീശമംഗളം. ജന്മനാ കാഴ്‌ചശക്തിയില്ലാത്ത ജ്യോതികല സംഗീതത്തെ ജീവനെപ്പോലെ സ്നേഹിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ഈ 22കാരി.
തമിഴ് എഴുത്തുകാരി നിവേദിതയാണ് ഈ ഗാനം ആലപിക്കാൻ ജ്യോതികലയോട് നിർദ്ദേശിച്ചത്. ഒരാഴ്‌ച കൊണ്ട് പാട്ട് ഹൃദിസ്ഥമാക്കുകയായിരുന്നു. 1938ൽ കൊളംബിയ ഗ്രാമഫോൺ കമ്പനി റെക്കാഡ് ചെയ്‌ത ഗാനം ആലപിച്ചത് കമല ശ്രീനിവാസനെന്ന ഗായികയാണ്. അടുത്തിടെ ഒരു ചടങ്ങിൽ വച്ച് അവരുടെ മകളെ കണ്ടതും അമ്മയുടെ പാട്ടിനെക്കുറിച്ച് സംസാരിച്ചതും ജ്യോതികല പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജ്യോതികലയെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |