കോഴിക്കോട്: ചൂടിൽ വെന്തുരുകി നാടും നഗരവും. വേനൽചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ കനത്ത ചൂടിൽ പകൽ പുറത്തിറങ്ങാനാകാതെ വലയുകയാണ് ജനങ്ങൾ. പകൽ സമയത്ത് ഉള്ളപോലെ തന്നെയാണ് രാത്രിയിലും ചൂട് അനുഭവപ്പെടുന്നത്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചൂട് കൂടുന്നതെങ്കിലും ഇത്തവണ ഫെബ്രുവരി രണ്ടാംപകുതിയോടെ തന്നെ ചൂട് കനത്തു. ജില്ലയിൽ ഇന്നലെ 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 13 ന് 32ഡിഗ്രി സെൽഷ്യസും, 19 ന് 34ഉം, 20 ന് 34, 21 ന് 35, 22 ന് 35, 23 ന് 25, 24ന് 33 എന്നിങ്ങനെയാണ് ചൂട് അടയാളപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞവർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ചൂട് കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ചൂട് കുറവായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇടയ്‌ക്കിടെ മഴയും ലഭിച്ചിരുന്നു. എന്നാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതും കുന്നുകൾ നികത്തിയതും വേനൽചൂടിന്റെ കാഠിന്യം രൂക്ഷമാക്കാൻ ഇടയാക്കിയിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമവുമുണ്ട്. വേനൽ കടുക്കുന്നതോടെ ഇത് രൂക്ഷമാകാനിടയുണ്ട്. വളർത്തുമൃഗങ്ങളും അസഹ്യമായ ചൂടിൽ വലയുകയാണ്. കാർഷിക മേഖലയെയും വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ശ്രദ്ധിക്കാം, പൊള്ളൽ ഒഴിവാക്കാം
1. പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
2. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
3. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
4. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക
5. വേനൽചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
6. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
7. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 - 3 ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അൽപ്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
8. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
9. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
10. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
@ തൊഴിലാളിക്ക് സൂര്യാഘാതം
കുറ്റ്യാടി: മുള്ളൻകുന്ന് അങ്ങാടിയിൽ കർഷക തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. മുള്ളൻകുന്നിലെ കുനിയിൽ കുഞ്ഞിരാമനാ (74)ണ് സൂര്യാഘാതമേറ്റത്. ഇദ്ദേഹം വീട്ടിൽ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് അങ്ങാടിയിലേക്ക് വരുമ്പോഴാണ് അപകടം . വൈകീട്ട് ശരീരത്തിന് പുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടു. മരുതോങ്കര എഫ്.എച്ച്.എം.സി ഡോക്ടറുടെ പരിശോധനയിലാണ് സൂര്യഘാതമാണെന്ന് മനസിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |