'വൈഗ'യിൽ ഹിറ്റായി വെളളായണി കാർഷിക കോളേജിന്റെ സ്റ്റാൾ
തിരുവനന്തപുരം:വാഴത്തട സോഡ മുതൽ വാഴയുടെ മാണം ഉപയോഗിച്ച് നിർമ്മിച്ച ഉപ്പിലിട്ടത് വരെ... വാഴയെ അടിമുടി രുചിക്കാൻ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാർഷിക കോളേജിന്റെ എക്‌സിബിഷൻ സ്റ്റാളിലെത്തിയാൽ മതി. വാഴ കൊണ്ടുളള മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടെ സ്റ്റാളിലാണ് വിവിധ ഭക്ഷണപദാർത്ഥങ്ങൾ കണ്ട് പലരും അമ്പരക്കുന്നത്. പഴുത്ത ഏത്തപ്പഴം മുറിച്ച് ഉണക്കിയെടുത്ത ബനാന ഫിഗാണ് കുട്ടികൾക്ക് പ്രിയം. മധുരമുളളതും മധുരമില്ലാത്തതുമായ വാഴത്തട ജ്യൂസാണ് മുതിർന്നവരെ ആകർഷിക്കുന്നത്. വാഴയുടെ ചാറെടുത്തശേഷം പഞ്ചസാരയും വെണ്ണയും തേച്ചെടുത്തുണ്ടാക്കിയ ഫ്രൂട്ട് ബാറും ബനാന ജെല്ലിയുമെല്ലാം ഇവിടെയുണ്ട്.വാഴയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളായി കേക്കും കപ്പ് കേക്കും സ്‌പൈസി സോഡയുമുണ്ട് സ്റ്റാളിൽ. നാല്‌പതോളം മുല്യവർദ്ധിത ഉത്പന്നങ്ങളാണ് വാഴയിൽ നിന്നുമാത്രം കാർഷിക കോളേജ് സ്റ്രാളിൽ സജ്ജീകരിച്ചിരിക്കുന്നത്. സക്കായി,സിക്കുസാനി,ഭീംകോൽ,ചൈനീസ് കാവെൻഡിഷ് ഉൾപ്പെടെ വിവിധയിനം വാഴക്കുലകളും സ്റ്റാളിലുണ്ട്.
പ്രധാന വാഴവിഭവങ്ങൾ
ബനാന ആൽക്കഹോൾ
ബനാന ക്രഷ്
ഹണി ഡ്രിങ്ക്
ബനാന സിറപ്പ്
വാഴപ്പിണ്ടി അച്ചാർ
കുക്കീസ്
ബനാന ലൈറ്റ് വൈൻ
ശർക്കരവരട്ടി
ബനാന മസാല
ബനാന സ്‌പൈസി സോസ്
ബനാന ഹൽവ
12 സ്റ്റാളുകൾ
വൈഗയുടെ ഭാഗമായി 12 സ്റ്റാളുകളാണ് വെളളായണി കാർഷിക കോളേജിനുളളത്. വാഴയ്‌ക്ക് പുറമെ തെങ്ങ്, തേൻ, പച്ചക്കറി, പുഷ്‌പം എന്നിവയിൽ നിന്നുളള മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ ലഭിക്കുന്ന സ്റ്റാളുകളുമുണ്ട്. എല്ലാ ഉത്‌പന്നങ്ങളും വാങ്ങാൻ സാധിക്കില്ല. കാർഷിക കോളേജിൽ വിവിധ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാമെന്നും പൊതുജനങ്ങളെ അവബോധരാക്കുകയാണ് ലക്ഷ്യം.
'വാഴയുടെ പിണ്ടി,കൂമ്പ്,മാണം,പഴം,നാര് തുടങ്ങിയ വിവിധയിനം മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് സ്റ്റാളിലുളളത്. മൂല്യവർദ്ധിത ഉത്‌പന്നങ്ങളെ സംബന്ധിച്ച ഗവേഷണം കോളേജ് കൂടുതൽ വിപുലമാക്കും.'
ഡോ.സിമി,
ഫ്രൂട്ട് സയൻസ് വിഭാഗം മേധാവി,
കാർഷിക കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |