ആലപ്പുഴ: അഞ്ചു മിനിട്ടിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന ആധുനിക ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവർത്തനം രണ്ടാഴ്ചക്കുള്ളിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത് അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കും.
എക്‌സ്‌റേ യൂണിറ്റിന്റെ യന്ത്രങ്ങൾ സ്ഥാപിച്ചിട്ട് വർഷം രണ്ടായെങ്കിലും പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിൽ ജില്ലാ പഞ്ചായത്ത് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മാർച്ചിൽ പ്രവർത്തനം തുടങ്ങണമെന്ന തീരുമാനവുമായി വെറ്ററിനറി വകുപ്പ് നീങ്ങിയത്. എക്‌സ്‌റേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിൽ കന്നുകാലി വളർത്തുന്നവർക്കും മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും ആശ്വാസകരമാകും.
20ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 'സ്‌കാൻ റാഡ് 400 എം.എം മെഷീൻ' ആണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിലവിലെ ലാബിനോട് ചേർന്നുള്ള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. സ്‌കാൻ റാഡ് 400 എം.എം മെഷീൻ സ്ഥാപിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കേന്ദ്രമാണ് ആലപ്പുഴ. തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലും തൃശൂരിൽ സ്വകാര്യ ആശുപത്രിയിലുമാണ് സ്‌കാൻ റാഡ് 400എം.എം മെഷീൻ നേരത്തേ സ്ഥാപിച്ചിട്ടുള്ളത്.
മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുൻകൈയെടുത്താണ് മെഷീൻ വാങ്ങാൻ തുക നീക്കിവെച്ചത്. തൃശ്ശൂരിലുള്ള സ്വകാര്യ സ്ഥാപനമാണ് കരാറെടുത്തത്. മെഷീൻ പ്രവർത്തിക്കുന്നതിന് മുറിയിൽ ഹൈപവർ ബോർഡ് ഇ.എൽ.സി.ബി സ്ഥാപിക്കുന്നതിന് 1,83,000രൂപ ജില്ലാ പഞ്ചായത്ത് അധികമായി അനുവദിച്ചാണ് ജോലികൾ പൂർത്തികരിച്ചത്.
പരിശോധനാഫലം വേഗത്തിൽ
മൃഗങ്ങളുടെ അസ്ഥി, ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ അഞ്ച് മിനിട്ടിനുള്ളിൽ പരിശോധിച്ചറിയാം
സ്വകാര്യ ലാബുകളിൽ പരിശോധനാഫലത്തിന് ഒരുമണിക്കൂർ കാത്തിരിക്കണം.
സ്വകാര്യ ലാബുകളിൽ ഫീസ് 500രൂപ, സർക്കാർ ആശുപത്രിയിൽ സൗജന്യം
മെഷീന്റെ പ്രത്യേകത
രോഗം ബാധിച്ച മൃഗങ്ങളെ മെഷീന്റെ ടേബിളിൽ കിടത്തി ബെൽറ്റ് ഇട്ട് എക്‌സ്‌റേ എടുക്കേണ്ടഭാഗം അടയാളപ്പെടുത്തിയാൽ മൃഗങ്ങൾ അനങ്ങാത്ത തരത്തിൽ മെഷീൻ തന്നെ കൃത്യസ്ഥലത്ത് ഫോക്കസ് ചെയ്തു എക്‌സ്റേ എടുക്കും. റേഡിയേഷൻ കുറവുമാണ്.
ആശുപത്രി മാറുമ്പോൾ കർഷകർ വലയും
ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം നഷ്ടമാകുമെങ്കിലും എക്സ്റേ യൂണിറ്റ് ഇവിടെ തന്നെയാകും പ്രവർത്തിക്കുക. ആശുപത്രി മാളികമുക്കിലേക്ക് മാറും. ഇവിടെ നിന്ന് എക്സ്റേ യൂണിറ്റിൽ എത്താൻ കുറഞ്ഞത് 100രൂപ ഓട്ടോ ചാർജ്ജ് നൽകേണ്ടിവരും.
''രണ്ടാഴ്ചക്കുള്ളിൽ ആധുനിക ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കും. ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് ഉദ്ഘാടന തീയതി തീരുമാനിക്കും.
- ജില്ലാ വെറ്ററിനറി കേന്ദ്രം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |