തൃക്കരിപ്പൂർ: മലയാള നാടക വേദിയിൽ വ്യത്യസ്തമായ ദൃശ്യാനുഭവവുമായിമാറിയ പ്രശസ്ത നാടകം ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വീണ്ടും അരങ്ങിലേക്ക് . തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ ദീപൻ ശിവരാമൻ അണിയിച്ചൊരുക്കിയ നാടകം മാർച്ച് 10, 11, 12 തീയ്യതികളിൽ എടാട്ടുമ്മൽ ആലുംവളപ്പിൽ പ്രത്യകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും.
നിരവധി പേജുകളിൽ പ്രദർശിപ്പിച്ചു വരുന്നതിനിടയിൽ കൊവിഡ് മൂലം നിർത്തി വെക്കുകയായിരുന്നു. നാടക പ്രേമികളുടെ നിരന്തരമായ അഭ്യർത്ഥനയും അന്വേഷണവും മാനിച്ചാണ് ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും തസ്രാക്കിന്റെയും കൂമൻകാവിന്റെയും അറബിക്കുളത്തിന്റെയും കഥ പറയുന്ന ഇതിഹാസ കഥ അരങ്ങിലെത്തുന്നത്. എടാട്ടുമ്മലിൽ 2015 സെപ്തംബർ 12, 13, 14 തീയ്യതികളിലാണ് ആദ്യമായി ഈ നാടകം അവതരിപ്പിച്ചത്. അരീന തിയേറ്റേർസിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയ നാടകം പ്രേക്ഷകർ ഏറ്റെടുത്തതോടെ മലയാള നാടക ലോകത്ത് ചർച്ചയായിരുന്നു.
മുംബൈയിലെ വാഷിയിലും രാജസ്ഥാനിലെ ജയ്പൂപൂരിലും ബാംഗ്ലൂരിലും കൂടാത എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊടങ്ങല്ലൂർ, വടകര, കോഴിക്കോട്, കോതമംഗലം, കരിവെള്ളൂർ എന്നിവിടങ്ങളിലുമായി 47 തവണകളിലായി പ്രേക്ഷകരുടെ മുന്നിലെത്തി.
ഖസാക്കിൽ അഭിനയിച്ച കെ.യു. മനോജ്, സി.കെ. സുനിൽ, രാജീവൻ,സുധീർ , പി.സി.ഗോപാലകൃഷ്ണൻ , ദിജേഷ് മുട്ടത്ത് , ഷൈനി, ബാലാമണി തുടങ്ങിയ താരങ്ങൾ സിനിമയിലെ തിരക്കുകൾ മാറ്റി വെച്ച് നാടകത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആകെ 29 പേർ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വാർത്താ സമ്മേളനത്തിൽ കെ.എം.കെ. പ്രസിഡന്റ് എ. മുകുന്ദൻ , സെക്രട്ടറി കെ.ചന്ദ്രൻ സംഘാടക സമിതി ഭാരവാഹികളായ കെ.അമ്പു, വി.വി.വിജയൻ , പി.വി.തമ്പാൻ, പി.പി.രഘുനാഥ്, വി.വി.കൃഷ്ണൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |