പോരുവഴി : വേനൽ കടുത്തു, നാടെങ്ങും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ആളുകൾ. വർഷങ്ങളായി പോരുവഴി പഞ്ചായത്തിലെ 6, 7, 8 വാർഡുകളിലെ കുടിവെള്ളക്ഷാമം കെ.ഐ.പി കനാലിലെ ആശ്രമിച്ചാണ് പരിഹരിച്ചിരുന്നത്. എന്നാൽ കടമ്പനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള അമ്പിയിൽ ജംഗ്ഷനിലെ കെ.ഐ.പി കനാലിന്റെ ഒരു ഭാഗം ഏതാണ്ട് ആറ് മീറ്ററോളം റോഡിന്റെ നിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്. പൈപ്പ് മാർഗമാണ് കനാൽ റോഡിനെ മുറിച്ചു കടക്കുന്നത്. പൈപ്പ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാൽ കനാൽ തുറന്ന് വിടാൻ പറ്റാത്ത അവസ്ഥയിലാണ്. തുറന്നു വിട്ടാലുടൻ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വൻതോതിൽ വെള്ളം കയറി നാശനഷ്ടമുണ്ടാകും.
ബോക്സ് കൺവെർട്ട് നിർമ്മിക്കണം
അമ്പിയിൽ ഭാഗത്ത് ബോക്സ് കൺവെർട്ട് നിർമ്മിക്കുന്നതിനായി 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
താത്കാലിക പരിഹാരമായി മഴക്കാലപൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്സിക്യുട്ടീവ് എൻജിനീയർ അനുവദിച്ച തുകയിൽ നിന്ന് 67000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പലതവണ ടെണ്ടർ ക്ഷണിച്ചിട്ടും ഇതുവരെ ആരും ഈ വർക്ക് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.
തുക അറ്റകുറ്റപണിക്ക് പോലും തികയാത്തതാണ് കാരണം.
കടമ്പനാട് പഞ്ചായത്ത് ഇടപെടണം
കടമ്പനാട് പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെടുന്നില്ലതാണ് നാട്ടുകാരുടെ പ്രധാന പരാതി. പഞ്ചായത്ത് പ്രസിഡന്റിനോടും മെമ്പറോടും നാട്ടുകാർ പരാതി പറഞ്ഞ് മടുത്തതല്ലാതെ പരിഹാരമില്ല. പോരുവഴി പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ ബാധിക്കുന്ന കാര്യമായതിനാൽ ഈ വാർഡുകളിലെ മെമ്പർമാർ സംഘടിച്ച് കെ.ഐ.പി അടൂർ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനിയർക്ക് നേരിട്ട് പരാതി കൊടുത്തു.
നിലവിലെ 67000 രൂപയുടെ ടെണ്ടർ ആരെങ്കിലും ഏറ്റെടുത്ത് ചെയ്യാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് എ.ഇ യുടെ പക്ഷം. എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ വളരെയധികം കാലതാമസമുണ്ടാക്കുകയും ചെയ്യും.
കമ്പനാട് പഞ്ചായത്തിന് മാത്രമാണ് ഈ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു. കടമ്പനാട് പ്രസിഡന്റിനോടും മെമ്പറിനോടും വിവരം പല തവണ പറഞ്ഞിട്ടുണ്ട്.
ശ്രീതസുനിൽ
പോരുവഴി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ
കെ.ഐ.പി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണം. കഴിഞ്ഞ മഴക്കാലത്താണ് പൈപ്പ് പൊട്ടിയത്. ഇതുവരെയും ശരിയാക്കാൻ കഴിയാഞ്ഞത് അവരുടെ വീഴ്ചയാണ്.
ജയചന്ദ്രൻ , സാമുഹ്യ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |