തൃശൂർ : ഒടുവിൽ ഉത്തരവിറങ്ങി, കൊച്ചിൻ ദേവസ്വം ബോർഡ് ഭരണ സമിതി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ദേവസ്വം ബോർഡംഗമായി ഡോ.എം.കെ.സുദർശനെ തെരഞ്ഞെടുത്തിരുന്നെങ്കിലും ബോർഡിലെ മറ്റംഗങ്ങളുടെ നിയമന ഉത്തരവ് നീണ്ടു. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞദിവസം രണ്ടംഗങ്ങളെ കൂടി നോമിനേറ്റ് ചെയ്തുള്ള ഉത്തരവ് ദേവസ്വം വകുപ്പ് പുറത്തിറക്കി.
സി.പി.എമ്മിന്റെ രണ്ടാമത്തെ നോമിനിയായി എറണാകുളം ജില്ലയിൽ എം.ബി മുരളീധരനെയും സി.പി.ഐയുടെ നോമിനിയായി പെരുമ്പിലാവ് സ്വദേശി പ്രേംരാജ് ചൂണ്ടലാത്തിനെയും നിയമിച്ചുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. സി.പി.ഐ അംഗത്തെ തെരഞ്ഞെടുത്തുള്ള കത്ത് നേരത്തെ പാർട്ടി നേതൃത്വം നൽകിയിരുന്നെങ്കിലും സി.പി.എം അംഗത്തിന്റെ കാര്യത്തിൽ തീരുമാനം നീണ്ടു. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം തികയാൻ ദിനങ്ങൾ ശേഷിക്കേയാണ് ബോർഡ് ഭരണസമിതിക്ക് രൂപം നൽകിയത്. പ്രസിഡന്റായ ഡോ.എം.കെ.സുദർശൻ രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റായിരുന്നു. അതേസമയം ദേവസ്വം കമ്മിഷണറെ ഇതുവരെയും നിയമിച്ചിട്ടില്ല.
ഇന്ന് ചുമതലയേൽക്കും
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ.എം.കെ.സുദർശൻ, അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത് എന്നിവർ ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് വടക്കുന്നാഥൻ അന്നദാന മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ആർ.ബിന്ദു, മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി.ശോഭന എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |