തൃശൂർ: നാടൻ കോഴികളെപ്പോലെ ധാന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും മാത്രം തീറ്റയായി കൊടുത്ത് രാത്രി മാത്രം കൂട്ടിലിട്ട് വളർത്തുന്ന, ബംഗളൂരുവിലെ ചാബ്രോ ഇനം ഇറച്ചിക്കോഴി കേരളത്തിലും. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള ബംഗളൂരു സെൻട്രൽ പൗൾട്രി ഡെവലപ്‌മെന്റ് ഓർഗനൈസേഷനും, കേന്ദ്രസർക്കാരിന്റെ രജിസ്‌ട്രേഷനുള്ള തൃശൂരിലെ സിൽവർ ഫേൺ കർഷക ഉത്പാദക സംഘടനയും ചേർന്നാണ് 'ബാസഗി' എന്ന ബ്രാൻഡിൽ കോഴിയിറച്ചി തൃശൂരിലെ സൂപ്പർമാർക്കറ്റുകളിലെത്തിയത്.
സെൻട്രൽ പൗൾട്രി ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് കോഴിയെ വികസിപ്പിച്ചത്. ബംഗളൂരുവിൽ നിന്ന് ഒരു മുട്ട 22 രൂപയ്ക്ക് കർഷക ഉത്പാദക സംഘടന വാങ്ങി ജില്ലാ പഞ്ചായത്ത് ഹാച്ചറിയിൽ വിരിയിച്ചെടുക്കും. കുടുംബശ്രീ യൂണിറ്റുകൾക്ക് പണം നൽകി കോഴിക്കുഞ്ഞുങ്ങളെ രണ്ട് മാസം വളർത്തും. പിന്നീട്, വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ മാംസ സംസ്‌കരണ യൂണിറ്റിൽ നിന്നും സംസ്‌കരണ പ്രക്രിയയ്ക്ക് വിധേയമാക്കി ശീതീകരിച്ച് വിപണിയിലെത്തിക്കും. ഒരു കിലോഗ്രാമിന് 400 - 500 രൂപയാണ് ഈടാക്കുക. കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ സഹകരണവും സംയോജനവുമുള്ളതിനാൽ പദ്ധതി എല്ലാ ജില്ലകളിലും വിപുലമാക്കുകയാണ് ലക്ഷ്യം. പരീക്ഷണ അടിസ്ഥാനത്തിൽ മൂന്ന് മാസം മുൻപ് മുട്ടകൾ വാങ്ങി വിരിയിച്ചിരുന്നു. ചിക്കൻ ഫ്രൈ ഉണ്ടാക്കി അയ്യന്തോളിലെ കേന്ദ്രത്തിൽ കഴിഞ്ഞദിവസം മുതൽ വിൽപ്പന തുടങ്ങി.
മറ്റ് സവിശേഷതകൾ
ബ്രോയിലർ കോഴികളുടെ ഇറച്ചി പോലെ മൃദുലം
ഔഷധഗുണവും രോഗപ്രതിരോധ ശേഷിയും
രണ്ട് മാസത്തെ വളർച്ചയ്ക്ക് വേണ്ടത് 1,300 ഗ്രാം തീറ്റ
നാടൻ കോഴിയിറച്ചിയുടെ രുചിയും ഗുണവും
പലനിറമുള്ള സങ്കരയിനം
മുട്ടയ്ക്കും ഇറച്ചിക്കുമായി വീട്ടുവളപ്പിൽ വളർത്താൻ കഴിയുന്ന ഗ്രാമീണയിനമാണ് വിവിധവർണങ്ങളിലുള്ള സങ്കരയിനം കോഴിയായ ചാബ്രോ. മുട്ടകൾ വിരിയാൻ 21 ദിവസം. രണ്ട് മാസം വളർച്ചയെത്തുമ്പോൾ 600 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെയുണ്ടാകും. പരമാവധി തൂക്കം ഒന്നരകിലോഗ്രാം വരെ മാത്രം.
ചാബ്രോ കോഴികൾ മറ്റ് കൃത്രിമ ഭക്ഷണം കഴിക്കാത്തതു കൊണ്ട് ഇറച്ചിക്കും ആ ഗുണമുണ്ടാകും.- ഡോ. ടി.പി. സേതുമാധവൻ, പ്രൊഫസർ, ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി, ബംഗളൂരു
പൂർണമായും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്നതാണ് 'ബാസഗി ' കോഴിയിറച്ചി. ഓടി നടന്ന് വളരുന്നതിനാൽ നാടൻ കോഴിയുടെ ഗുണങ്ങളുണ്ട്. എന്നാൽ ഇറച്ചിക്ക് മൃദുത്വമുണ്ടാകും.
- ഡോ. പി.ബി. ഗിരിദാസ്, അനിമൽ ഹസ്‌ബെൻഡറി എംപ്ലോയീസ് വെൽഫയർ
കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |