ആലപ്പുഴ: ജില്ലയിയിടെ വിവിധ ഭാഗങ്ങളിൽ പശുക്കളിൽ ചർമ്മമുഴ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ ആരംഭിച്ചു. 15 ദിവസത്തിനുള്ളിൽ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 100ൽ അധികം പശുക്കൾക്കാണ് രോഗം ബാധിച്ചത്.
ജില്ലയിൽ കഴിഞ്ഞ വർഷമായാണ് ചർമ്മമുഴ വ്യാപിച്ചു തുടങ്ങിയത്. പശുക്കൾക്ക് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ വരെ 36,380 കാലികൾക്ക് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ 18ന് ആരംഭിച്ച് 24 വരെയായിരുന്നു വാക്സിനേഷനെങ്കിലും എല്ലാ പ്രദേശങ്ങളിലും എത്താത്തതിനാൽ രണ്ടാഴ്ചകൂടി സമയപരിധി നീട്ടിയിട്ടുണ്ട്. വാക്സിൻ സൗജന്യമാണ്.
# രോഗാവസ്ഥ
ഈച്ച, കൊതുക് തുടങ്ങിയവയാണ് രോഗം പരത്തുന്നത്. രോഗം മൂർഛിക്കുമ്പോൾ പശുക്കൾക്ക് നിൽക്കാൻ പോലുമാവാത്ത അവസ്ഥയുണ്ടാവും. രോഗ സംശയമുള്ള പശുക്കൾക്ക് മൃഗഡോക്ടർമാർ മരുന്ന് നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് ക്ഷീര കർഷകർ പരാതിപ്പെടുന്നു. ചിക്കൻപോക്‌സിന് തുല്യമായ രീതിയിൽ കൈകാലുകളിലും അകിടിലും പ്രത്യക്ഷപ്പെടുന്ന കുരുക്കൾ വ്രണമായി മാറി ദേഹത്ത് നീര് കൊള്ളുന്നതാണ് രോഗം. രോഗം പിടിപെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ രൂക്ഷമാകും. കറവയുള്ള പശുക്കൾക്ക് പാൽ ഗണ്യമായി കുറയും. രോഗം ബാധിച്ച പശുക്കൾ ആഹാരം കഴിക്കാൻ ബുദ്ധിമുട്ടും. രോഗലക്ഷണം കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിച്ച് ചികിത്സ തേടണം.
ജില്ലയിൽ കണ്ടെത്തിയ ചർമ്മ മുഴ നിയന്ത്രണ വിധേയമാണ്. 28കേന്ദ്രങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇന്നലെവരെ 46,380 ഡോസ് വാക്‌സിൻ നൽകി. 50,000ൽ അധികം കാലികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. മറ്റ് കാലികളിലേക്ക് പകരാതിരിക്കാൻ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാണ്
ഡോ. വൈശാഖ്, ജില്ലാ വെറ്ററിനറി കേന്ദ്രം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |